ഗുവാഹത്തി: വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. അസമിലെ ജോർഹട്ടിലെ അബ്ബാസ് ഖാൻ എന്നയാളാണ് അറസ്റ്റിലായത്. നാത്തുന്മതി മസ്ജിദിലെ ഇമാനാണ് അബ്ബാസ് ഖാൻ എന്നാണ് വിവരം.

ഭർത്താവ് മരിച്ചുപോയ രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീയോട് അബ്ബാസ് ഖാൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു . ഇതിന്റെ പേരിൽ ഇവരെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു . യുവതി വാഗ്ദാനം നിരസിച്ചതോടെ അബ്ബാസ് ഖാൻ പ്രകോപിതനാകുകയും യുവതിയെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി മരിയാനി ടൗണിലെ യുവതിയുടെ വീട്ടിൽ കയറി വഴക്കുണ്ടാക്കി.

തുടർന്ന് ഇമാൻ യുവതിയെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ യുവതിയെ ജോർഹട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു . യുവതി അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.