പട്‌ന: ബിഹാറിലെ ദർഭംഗയിൽ സ്‌കൂൾ അദ്ധ്യാപകർ ക്ലാസുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കർശന വിലക്ക്. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കി പ്രിൻസിപ്പലിനെ ഏൽപിച്ചിട്ടു വേണം ക്ലാസിൽ കയറാൻ. അദ്ധ്യാപകരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര കാര്യങ്ങൾ അറിയിക്കണമെങ്കിൽ പ്രിൻസിപ്പലിനെ വിളിക്കാം. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറുടേതാണ് ഉത്തരവ്.

സ്‌കൂളുകളിൽ വിദ്യാഭ്യാസ ഓഫിസർമാർ നടത്തിയ മിന്നൽ പരിശോധനകളിൽ അദ്ധ്യാപകർ ജോലി സമയത്ത് അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക്. സ്‌കൂൾ പ്രിൻസിപ്പൽമാർക്കെല്ലാം ഉത്തരവു കൈമാറിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവരുടെ ആ ദിവസത്തെ ശമ്പളം കുറയ്ക്കും.