ധാക്ക: ഇരുപത്തിയേഴാം പിറന്നാൾ ആഘോഷിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയ്ക്ക് സർപ്രൈസ് നൽകി ആൺസുഹൃത്ത് പലാഷ് മുച്ചാൽ. ഏകദിന പരമ്പര കളിക്കാൻ ബംഗ്ലാദേശിലെ മിർപൂരിലാണ് ഇന്ത്യൻ സൂപ്പർ താരം ഇപ്പോഴുള്ളത്. താരത്തിന്റെ പിറന്നാൾ ആഘോഷത്തിൽ സർപ്രൈസ് നൽകാൻ സുഹൃത്ത് പലാഷ് മുച്ചാൽ ബംഗ്ലാദേശിൽ എത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

തിങ്കളാഴ്ച ബംഗ്ലാദേശിലെത്തിയ പലാഷ് തൊട്ടടുത്ത ദിവസം സർപ്രൈസായി ഇന്ത്യൻ താരത്തെ കാണാനെത്തി. പിറന്നാൾ ആഘോഷവും നടത്തി. ഇന്ത്യൻ താരത്തോടൊപ്പമുള്ള ചിത്രം പലാഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകനായ പലാഷ് മുച്ചാലും സ്മൃതിയും പ്രണയത്തിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പലാഷിനൊപ്പമുള്ള ചിത്രങ്ങൾ സ്മൃതി മന്ഥനയും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്. ഭൂത്‌നാഥ് റിട്ടേൺസ്, ദിഷ്‌കിയോൺ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്ക് സംഗീതം നൽകിയത് പലാഷ് മുച്ചാലാണ്.

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരമായ സ്മൃതി മന്ഥനയ്ക്ക് അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും തിളങ്ങാൻ സാധിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ 12 പന്തുകളിൽ 11 റൺസ് മാത്രമാണ് സ്മൃതി സ്വന്തമാക്കിയത്. ട്വന്റി20 പരമ്പരയിലും നിരാശപ്പെടുത്തി. രണ്ടാം ഏകദിനത്തിൽ 58 പന്തുകളിൽ 36 റൺസ് സ്മൃതി സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ബംഗ്ലാദേശിനോടു തോറ്റിരുന്നു.

വനിതാ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യൻ സ്റ്റാർ ബാറ്റർ സ്മൃതി മന്ഥന നേട്ടം കൈവരിച്ചിരുന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ സ്മൃതി ആറാമത് എത്തി. അതേസമയം, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ബോളർമാരുടെ റാങ്കിങ്ങിൽ രാജേശ്വരി ഗെയ്ക്വാദും (9) ഓൾറൗണ്ടർമാരിൽ ദീപ്തി ശർമയും (7) മാത്രമാണ് ടോപ്10 ലുള്ള ഇന്ത്യക്കാർ. ബാറ്റർമാരിൽ ശ്രീലങ്കയുടെ ചമരി അത്തപ്പത്തുവാണ് ഒന്നാമത്.