ന്യൂഡൽഹി: മണിപ്പുർ സംഘർഷത്തിനിടെ രണ്ട് വനിതകളെ നഗ്‌നരായി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ മനുഷ്യത്വരഹിതവും അപലപനീയവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങുമായി സംസാരിച്ചുവെന്നും കർശന നടപടി ആവശ്യപ്പെട്ടുവെന്നും സ്മൃതി ഇറാനി പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചതായും സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.

തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്‌പോക്പി ജില്ലയിൽ മെയ്‌ നാലിനാണു സംഭവം നടന്നതെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) പറഞ്ഞു. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങൾക്കു മുൻപു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തുവരുന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുൻപ് മെയ്‌തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു. നഗ്‌നരായ സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പ്രചരിക്കുന്ന വിഡിയോയിലുള്ളത്. മെയ്‌തെയ് വിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടമാണിതെന്ന് ഐടിഎൽഎഫ് ആരോപിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മണിപ്പുർ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയുൾപ്പെടുത്തി തൗബാൽ ജില്ലയിലെ നോങ്‌പോക് സെക്മായ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.