- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പുരിലെ ലൈംഗികാതിക്രമം സ്വതന്ത്ര ഇന്ത്യയിലെ അതീവ ദുഃഖകരമായ സംഭവമെന്ന് ബ്രിജ് ഭൂഷൺ
ലഖ്നൗ: മണിപ്പുരിൽ സ്ത്രീകൾക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമം സ്വതന്ത്ര ഇന്ത്യയിലെ അതീവ ദുഃഖകരമായ സംഭവമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺസിങ്. സംഭവം അപലപിക്കപ്പെടേണ്ടതാണ്. മണിപ്പുരിലെ സാഹചര്യം വളരെ കഠിനമാണെന്നും ഉത്തർപ്രദേശിലെ ഗോൺടയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ബ്രിജ് ഭൂഷൺ പറഞ്ഞു. ഗുസ്തിതാരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ കേസുകളിലെ പ്രതിയാണ് ബ്രിജ് ഭൂഷൺ ശരൺസിങ്.
'മണിപ്പുരിലെ സാഹചര്യം വളരെ സങ്കീർണമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവിടം സന്ദർശിച്ചിരുന്നു. സംഭവം വളരേ ദുഃഖകരമാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സങ്കടകരമായ സംഭവമാണിത്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ഞാനും സംഭവത്തെ അപലപിക്കുന്നു', ബ്രിജ് ഭൂഷൺ പറഞ്ഞു.
മെയ് നാലിനാണ് കുക്കി അദിവാസി വിഭാഗത്തിൽപ്പെടുന്ന രണ്ടു യുവതികളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും ലൈംഗികമായി അക്രമിക്കുകയും ചെയ്തത്. ഇവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് ആരോപണമുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം മാത്രമാണ് പുറത്തുവന്നത്. ഇതോടെ വലിയ പ്രതിഷേധമുണ്ടായി. മെയ് നാലിന് നടന്ന മറ്റൊരു സംഭവത്തിൽ സ്ത്രീകളെ ആൾക്കൂട്ടം ജോലിസ്ഥലത്തുനിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗംചെയ്തുകൊലപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ ജാമ്യത്തിലാണ് ബിജെപി. എംപി. കൂടിയായ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്രിജ് ഭൂഷണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 15-ന് ബ്രിജ് ഭൂഷൺ പ്രതിയായ കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കൽ), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടർന്ന് ശല്യംചെയ്യൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ കുറ്റപത്രത്തിലുള്ളത്.




