ബംഗളുരു: ബംഗളുരു ചിക്കജലയ്ക്ക് സമീപം അപകടത്തിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകനെ ആക്രമിച്ച ശേഷം 2.5 ടൺ തക്കാളി ട്രക്ക് തട്ടിയെടുത്തു കടന്ന തമിഴ്‌നാട് ദമ്പതികൾ അറസ്റ്റിൽ. ഇവർ തക്കാളി തമിഴ്‌നാട്ടിലെ ആമ്പൂരിനടുത്തുള്ള വാണിയമ്പാടിയിൽ വിൽക്കുകയായിരുന്നു. ഭാസ്‌കർ (28), ഭാര്യ സിന്ധുജ (26) എന്നിവരെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റ് മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്.

വെല്ലൂർ സ്വദേശികളായ ദമ്പതികൾ ഹൈവേ കവർച്ച സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ കാറിൽ ട്രക്ക് ഇടിച്ചെന്ന് പറഞ്ഞ് ട്രക്കിലുണ്ടായിരുന്ന കർഷകനായ മല്ലേഷിനോട് ഇവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും കർഷകൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് സംഘം ആക്രമിച്ച് തക്കാളി കയറ്റിയ ട്രക്ക് തട്ടിയെടുത്ത് ഓടിച്ചുപോവുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പ്രതികളെക്കുറിച്ചുള്ള സൂചനകൾ നൽകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ട്രക്കുമായി ദമ്പതികൾ രജിസ്‌ട്രേഷൻ നമ്പറില്ലാത്ത മറ്റൊരു വാഹനത്തിൽ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് ആർ.എം.സി യാർഡ് പൊലീസ് വാഹനം ട്രാക്ക് ചെയ്ത് സംഘത്തെ പിടികൂടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന തക്കാളിക്ക് രണ്ടര ലക്ഷം രൂപയിലധികം വിലവരും.

ദിവസങ്ങൾക്ക് മുമ്പ് കർണാടകയിലെ ഹലേബീഡിൽ മറ്റൊരു തക്കാളി കവർച്ച റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ വിപണിയിൽ തക്കാളിയുടെ ഏറ്റവും പുതിയ വില കിലോയ്ക്ക് 100 രൂപക്ക് മുകളിലാണ്. ഈ സാഹചര്യത്തിലാണ് തക്കാളി കവർച്ച രൂക്ഷമാകുന്നത്.