- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്തിൽ കനത്ത മഴ; അഹമ്മദാബാദ് വിമാനത്താവളത്തിൽ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ; സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം
അഹമ്മദാബാദ്: ഗുജറാത്തിലുടനീളം കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ തുടരുന്നതിനിടെ അഹമ്മദാബാദിലെ സർദാർ വല്ലാഭായ് പട്ടേൽ വിമാനത്താവളത്തിൽ വെള്ളക്കെട്ട്. ശനിയാഴ്ച രാത്രിയിലാണ് വിമാനത്താവളം വെള്ളത്തിൽ മുങ്ങിയത്. റൺവേ അടക്കം വെള്ളത്തിൽ മുങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടു.
വിമാനത്താവളത്തിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ഏറെ ദുരിതം സൃഷ്ടിച്ചു. പലർക്കും കൃത്യ സമയത്ത് എത്താനായില്ല. യാത്രക്കാർ വിമാനങ്ങളുടെ തത്സമയ വിവരങ്ങൾ പരിശോധിച്ച ശേഷം യാത്രയ്ക്കിറങ്ങാനും വിമാനത്താവളത്തിലെ പാർക്കിങ് സൗകര്യങ്ങൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അദാനി കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല. വിമാനത്താവളത്തിൽ വെള്ളം കയറാനിടയായതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ രാഷ്ട്രീയ വിമർശനങ്ങളും ട്രോളുകളും ആരംഭിച്ചിട്ടുണ്ട്. ഗുജറാത്ത് വിമാനത്താവളത്തിന് പുറത്തുള്ള വെള്ളത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച ഒരു യാത്രക്കാരൻ വിമാനത്തിൽ നിന്ന് ഇറങ്ങാൻ ഏകദേശം 40 മിനിറ്റ് എടുത്തതായി അറിയിച്ചു.
'28 വർഷത്തെ ബിജെപി ഭരണത്തിന് ശേഷം ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന്റെ അവസ്ഥ ഇതാണ്. ഇതാണ് നരേന്ദ്ര മോദിയുടെ മാതൃകാ സംസ്ഥാനം' കോൺഗ്രസ് ദേശീയ കോ ഓഡിനേറ്റർ ദീപക് ഖാത്രി വീഡിയോ അടക്കം ട്വീറ്റ് ചെയ്തു. അദാനി ഗ്രൂപ്പിനെതിരെയും വിമർശനങ്ങളുയർന്നിട്ടുണ്ട്.
ഗുജറാത്തിന്റെ തെക്കൻ സൗരാഷ്ട്ര മേഖലകളിൽ ശനിയാഴ്ച അതി ശക്തമായ മഴയാണ് പെയ്തത്. അണക്കെട്ടുകളിലേയും നദികളിലേയും ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനിടയിൽ നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണുള്ളത്.




