ഉഡുപ്പി: റെസ്റ്റ് റൂമിൽ മൊബൈൽ ക്യാമറ വച്ച് സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ. കർണാടകയിലെ നേത്ര ജ്യോതി കോളജിലെ മൂന്നു വിദ്യാർത്ഥിനികൾക്കാണ് സസ്‌പെൻഷൻ. ബുധനാഴ്ച ഇവർ ഒരു പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തിയിരുന്നു.

തന്റെ ദൃശ്യങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്ന വിവരമറിഞ്ഞ് പെൺകുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ഇവരാണ് വിഷയം മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം തന്നെ മൂന്നുപേരെയും കോളജ് മാനേജ്‌മെന്റ് പുറത്താക്കി.

കോളജിൽ മൊബൈൽ ഫോണിന് വിലക്കുണ്ടെന്നും ഇതു ധിക്കരിച്ച് മൊബൈൽ കൊണ്ടുവന്നതിനും വിഡിയോ ചിത്രീകരിച്ചതിനുമാണു വിദ്യാർത്ഥിനികളെ പുറത്താക്കിയതെന്നു നേത്ര ജ്യോതി കോളജ് ഡയറക്ടർ രശ്മി കൃഷ്ണ പറഞ്ഞു.

ലക്ഷ്യമിട്ടത് മറ്റു ചില പെൺകുട്ടികളെയാണെന്നും, പരാതിക്കാരിയുടെ വിഡിയോ അറിയാതെ ചിത്രീകരിച്ചതാണെന്നുമാണു വിദ്യാർത്ഥിനികൾ നൽകിയ വിശദീകരണം. തുടർന്നു വിഡിയോ പെൺകുട്ടിയുടെ മുമ്പിൽ വച്ചുതന്നെ ഇവർ ഡിലീറ്റ് ചെയ്തതായും ഡയറക്ടർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെടാൻ പെൺകുട്ടി വിമുഖത കാട്ടിയ സാഹചര്യത്തിൽ കോളജ് തന്നെ പരാതി നൽകിയതായി ഡയറക്ടർ അറിയിച്ചു. വിഡിയോ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധയ്ക്കായി അയച്ചിട്ടുണ്ട്.