ബെംഗളൂരു: നാമനിർദേശ പത്രികയ്ക്ക് ഒപ്പം തെറ്റായ സ്വത്ത് വിവരങ്ങൾ നൽകിയ തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി ഹൈക്കോടതി. കൊത്തഗുഡം എംഎൽഎ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പ് ആണ് ഹൈക്കോടതി റദ്ദാക്കിയത്.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാവുവിന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്ത് എതിർസ്ഥാനാർത്ഥി നൽകിയ ഹർജിയിലാണ് വിധി. വെങ്കിടേശ്വര റാവു നാമനിർദേശ പത്രികയ്ക്ക് ഒപ്പം നൽകിയ സ്വത്ത് വിവരങ്ങൾ വ്യാജമെന്ന് കാട്ടിയായിരുന്നു ഹർജി. ഇത് പരിശോധിച്ചാണ് ഹൈക്കോടതി വിധി.

രണ്ടാം സ്ഥാനത്ത് എത്തിയ ബിആർഎസ് സ്ഥാനാർത്ഥി ജലഗം വെങ്കിട്ട റാവുവിനെ വിജയി ആയി പ്രഖ്യാപിക്കുകയായിരുന്നു കോടതി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 5 മാസം മാത്രമാണ് ബാക്കിയുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥി ആയി മത്സരിച്ച് വിജയിച്ചെങ്കിലും ബിആർഎസിലേക്ക് കൂറ് മാറിയ വാനമ വെങ്കിടേശ്വര റാവുവിനെതിരെ മുൻ ബിആർഎസ് സ്ഥാനാർത്ഥി തന്നെയാണ് ഹർജി നൽകിയത്.