ന്യൂഡൽഹി: ബിജെപിക്കെതിരായ ഒന്നിച്ച് പോരാട്ടത്തിന് ഇറങ്ങാനുള്ള പ്രതിപക്ഷ മഹാസഖ്യത്തിന്റെ നീക്കത്തിന് തിരിച്ചടി. ആം ആദ്മി പാർട്ടി 'ഇന്ത്യ' യിൽ പങ്കാളികളായെങ്കിലും പഞ്ചാബിൽ അവരുമായി സഖ്യംവേണ്ടെന്ന് കോൺഗ്രസിൽ നിർദ്ദേശം. എഎപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കരുതെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ കോൺഗ്രസ് അധ്യക്ഷൻ മലികാർജുൻ ഖാർഗെയോടും സോണിയ ഗാന്ധിയോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് എഎപി പഞ്ചാബിൽ അധികാരത്തിലേറിയത്. കേരള മോഡൽ വേണമെന്നാണ് പഞ്ചാബ് കോൺഗ്രസ് നേതൃത്വം ഹൈക്കമാൻഡിനോട് നിർദേശിച്ചിരിക്കുന്നത്. ഇടത് പാർട്ടികളും കോൺഗ്രസും വിശാല പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യിൽ സഖ്യകക്ഷികളാണെങ്കിലും കേരളത്തിൽ രണ്ട് മുന്നണികളായിട്ടാണ് പാർട്ടികൾ മത്സരിക്കുന്നത്. സമാനമായ മോഡലാണ് പഞ്ചാബിലും വേണ്ടതെന്നാണ് പഞ്ചാബ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

എഎപിയെ പ്രതിപക്ഷ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെ നേരത്തെ തന്നെ പഞ്ചാബ്,ഡൽഹി കോൺഗ്രസ് ഘടകങ്ങൾ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്ന് ഡൽഹി ഓർഡിനൻസിൽ കോൺഗ്രസ് ദേശീയ നേതൃത്വം പാർട്ടിക്കുള്ളിൽ സമവായം ഉണ്ടാക്കിയാണ് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ഇതേ തുടർന്നാണ് ബെംഗളൂരുവിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ എഎപി പങ്കെടുത്തതും.

'പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കെതിരെ 'കേരള മോഡലിൽ' പോരാടണമെന്നാണ് ആഗ്രഹിക്കുന്നത്' ബജ്വ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.

പഞ്ചാബിൽ എഎപിയുമായി സഖ്യത്തിൽ മത്സരിക്കുന്നത് സംസ്ഥാനത്ത് പാർട്ടിയെ കൂടുതൽ ക്ഷയിപ്പിക്കുമെന്നും നേതാക്കൾ ഹൈക്കമാൻഡിന് മുന്നറിയിപ്പ് നൽകി. ലോക്സഭയിലും നിയമസഭയിലും പഞ്ചാബിൽ കോൺഗ്രസ് ഒറ്റയ്ക്ക് തന്നെ മത്സരിക്കണം. അല്ലാതിരുന്നാൽ പാർട്ടിക്ക് സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുക അസാധ്യമായിരിക്കുമെന്നും ബജ്വ വ്യക്തമാക്കി.