ന്യൂഡൽഹി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും രാജിവയ്ക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. എന്നാൽ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ രാജിവച്ച് ഒഴിയുമെന്നും ബിരേൻ സിങ് പറഞ്ഞു.

മണിപ്പുർ കലാപത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി ഉയരുന്ന പശ്ചാത്തലത്തിൽ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ബിരേൻ സിങ്ങിന്റെ പ്രതികരണം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബിരേൻ സിങ്ങ് സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മണിപ്പുരിലെ ജനങ്ങളാണു തന്നെ തിരഞ്ഞെടുത്തതെന്ന് ബിരേൻ സിങ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകനും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമാണ്. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുകയെന്നതാണ് ഇപ്പോൾ എന്റെ ലക്ഷ്യം. രാജിക്കാര്യം ചോദിക്കുന്നതിൽ പ്രസക്തിയില്ല. എന്നാൽ കേന്ദ്രനേതൃത്വവും മണിപ്പുരിലെ ജനങ്ങളും ആവശ്യപ്പെട്ടാൽ രാജിവച്ചൊഴിയാൻ തയാറാണെന്നും ബിരേൻ സിങ് വ്യക്തമാക്കി.

അനധികൃതമായി അതിർത്തി കടന്നെത്തുന്നവരും മയക്കുമരുന്ന് മാഫിയയുമാണ് സംസ്ഥാനത്ത് അശാന്തി പരത്തുന്നതെന്നും ബിരേൻ സിങ് പറഞ്ഞു. മണിപ്പുരിൽ 34 ഗോത്രവിഭാഗങ്ങളുണ്ട്. അവർ ഏറെ യോജിപ്പോടെയാണ് ഇവിടെ ജീവിക്കുന്നത്. അക്രമികളെ ഉടൻ അമർച്ച ചെയ്യുമെന്നും സമാധാനം പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.