ന്യൂഡൽഹി: പാർലമെന്റിനു പുറത്ത് ഫോണിൽ സംസാരിക്കുന്നതിനിടെ ആംആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയുടെ തലയിൽ കാക്ക കൊത്തുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. പിടിഐ ഫൊട്ടോഗ്രാഫറാണ് ചൊവ്വാഴ്ച പാർലമെന്റിനു പുറത്തുനടന്ന സംഭവം പകർത്തിയത്. ഇതിനു പിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയായിരുന്നു.

പാർലമെന്റിനു പുറത്തേക്ക് ഫോണിൽ സംസാരിച്ചു നടന്നു വന്ന ഛദ്ദയുടെ തലയ്ക്കു മുകളിൽ ഒരു കാക്ക വട്ടമിട്ടു പറക്കുന്നതും പിന്നാലെ തലയ്ക്കിട്ട് ഒരു കൊത്തു കൊടുക്കുന്നതും പകർത്തിയിട്ടുണ്ട്. കൊത്ത് ലഭിച്ചതിനു പിന്നാലെ രാഘവ് ഛദ്ദ കുനിയുന്നതും ഫൊട്ടോഗ്രാഫർ ഷഹബാസ് ഖാൻ പകർത്തിയിട്ടുണ്ട്.

ചിത്രം പ്രചരിച്ചതോടെ ഛദ്ദയെ പരിഹസിച്ച് ബിജെപി ഡൽഹി ഘടകം ട്വിറ്ററിലൂടെ രംഗത്തെത്തി. ''കള്ളം പറഞ്ഞാൽ കാക്ക കൊത്തും' എന്ന പഴഞ്ചൊല്ലാണ് ബിജെപി ട്വീറ്റ് ചെയ്തത്. ''ഇന്നുവരെ ഇതു നമ്മൾ കേട്ടിട്ടേ ഉള്ളൂ. ഇന്നത് കണ്ടു. കള്ളം പറയുന്നവരെ കാക്ക കൊത്തും'' ബിജെപിയുടെ ട്വീറ്റിൽ പറയുന്നു.