ജയ്പുർ: രന്തംബോർ കടുവ സങ്കേതത്തിൽ മൂന്ന് കടുവകുട്ടികൾ ജനിച്ചു. ടി-84 എന്ന പെൺകടുവയാണ് മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയത്. അമ്മ കടുവയുടെയും കുട്ടികളുടെയും വീഡിയോ ദൃശ്യങ്ങൾ രാജസ്ഥാൻ വനംവകുപ്പ് പങ്ക് വെച്ചിട്ടുണ്ട്.

രന്തംബോറിലെ നൽഗട്ടി വനമേഖലയിലെ ക്യാമറയിലാണ് അമ്മ കടുവയുടെയും കുട്ടികളുടെയും ചിത്രം പതിഞ്ഞതെന്ന് രന്തംബോർ കടുവ സങ്കേതത്തിലെ ഡിഎഫ്ഒ ആയ മോഹിത് ഗുപ്ത പ്രതികരിച്ചു.

'രന്തംബോർ കടുവ സങ്കേതത്തിലെ പുതിയ അംഗങ്ങളേ പരിചയപ്പെടൂ. ഇക്കഴിഞ്ഞ 25-ാം തീയതിയാണ് അമ്മ കടുവയുടെയും കുട്ടികളുടെയും സാന്നിധ്യം ഫീൽഡ് സ്റ്റാഫ് തിരിച്ചറിയുന്നത്. ഒൻപത് വയസ്സ് പ്രായമുള്ള അമ്മ കടുവ പൂർണ ആരോഗ്യവതിയാണ്', ട്വിറ്ററിൽ രാജസ്ഥാൻ വനംവകുപ്പ് കുറിച്ചു.

രാജസ്ഥാനിന്റെ പുതിയ അതിഥികൾക്ക് സ്വാഗതം ആശംസിച്ച മുഖ്യമന്ത്രി അശോക് ഗഹ്ലോത് കടുവ സങ്കേതത്തിലെ അംഗങ്ങളെ പ്രശംസിക്കുകയും ചെയ്തു.