പട്‌ന: ബീഹാർ കതിഹാറിലെ പൊലീസ് വെടിവയ്പിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജനറൽ ഡയറുമായി താരതമ്യപ്പെടുത്തി ബിജെപി. കതിഹാറിൽ വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജനറൽ ഡയറുമായി നിതീഷ് കുമാറിനെ താരതമ്യപ്പെടുത്തിയത്.

സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഇതിലൂടെ നിതീഷ് ഡയറിന്റെയും അദ്ദേഹത്തിന്റെ തനാഷാഹി സർക്കാരിന്റെയും യഥാർത്ഥ മുഖമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല ട്വിറ്ററിൽ കുറിച്ചു.

'കതിഹാറിൽ വൈദ്യുതി വിതരണം ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് നേരെ ബീഹാറിലെ ജനറൽ ഡയർ വെടിയുതിർത്തു. ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാറിൽ യുവാക്കൾ, കർഷകർ, അദ്ധ്യാപകർ, സാധാരണക്കാർ തുടങ്ങി അവകാശങ്ങൾ ആവശ്യപ്പെടുന്ന എല്ലാവർക്കും ലാത്തിയോ വെടിയുണ്ടായോ ലഭിക്കും.

ഇതാണ് ജനറൽ നിതീഷ് ഡയറിന്റെയും അദ്ദേഹത്തിന്റെ തനാഷാഹി ഗവൺമെന്റിന്റെയും യഥാർത്ഥ മുഖം. ഇത് ജനാധിപത്യത്തെ സംരക്ഷിക്കുകയാണോ? അതോ ജനാധിപത്യത്തെ കൊല്ലുകയാണോ? ഇതാണോ ജനാധിപത്യത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശയം? ബംഗാൾ മുതൽ ബിഹാർ വരെ - ബുള്ളറ്റ്, ബോംബ്, സ്‌ഫോടനം?'- അദ്ദേഹം ട്വീറ്റ് ചെയ്തു.

ബിഹാറിലെ പ്രതിപക്ഷ നേതാവ് വിജയ് സിൻഹയും മുൻ ഉപമുഖ്യമന്ത്രി താരകിഷോർ പ്രസാദും വിഷയത്തിൽ അപലപിച്ചു. സർക്കാർ നടപടികളെ ഹിറ്റ്ലറിന്റെ സ്വേച്ഛാധിപത്യവും അടിച്ചമർത്തൽ ഭരണകൂടവുമായി താരതമ്യപ്പെടുത്തി.