മംഗളൂരു: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ സ്‌കൂൾ വരാന്തയിൽവച്ച് പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികളെ വിട്ല പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ഉപ്പള ബേരിപദവ് സ്വദേശി അക്ഷയ് ദേവഡിഗ (24), ബായാർ വില്ലേജിലെ കൊജപ്പയിൽ താമസിക്കുന്ന കമലാക്ഷ ബെൽചഡ (30), ബേരിപദവ് സ്വദേശി സുകുമാർ ബെൽചഡ (28) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേശ്വരത്തെ ജോലി സ്ഥലത്തുനിന്നാണ് അക്ഷയ്, കമലാക്ഷ എന്നിവരെ വിട്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെ 5 പേർക്കെതിരെയാണ് കേസ്.

കഴിഞ്ഞ വെള്ളിയാഴ്ച വിട്ല പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ആൺ സുഹൃത്ത് വീട്ടുകാർ അറിയാതെ രാത്രിയിൽ പുറത്തിറക്കി. പിന്നീട് പ്രദേശത്തെ സ്‌കൂളിലെത്തിച്ച് മറ്റു നാല് സുഹൃത്തുക്കളെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. അവശ നിലയിലാണ് കുട്ടി വീട്ടിലെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പെയിന്ററായി ജോലി ചെയ്യുകയാണ് അക്ഷയ്, കമലാക്ഷ എന്നിവർ. സുകുമാർ ഡ്രൈവറാണ്. അറസ്റ്റിലായ മൂന്ന് പേർക്കെതിരെ പോക്സോ ആക്ട്, ദലിത് അതിക്രമ നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി. പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.