ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹരിയാനയിലെ കോൺഗ്രസ് എംഎ‍ൽഎ. ധരം സിങ് ഛൗക്കറുമായ ബന്ധപ്പെട്ടയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. നാല് ആഡംബര കാറുകളും 14.5 ലക്ഷം രൂപയുടെ ആഭരണങ്ങളും നാലരക്കോടി രൂപയും ഇ.ഡി. പിടിച്ചെടുത്തു. ഛൗക്കർ പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പരിശോധന നടത്തിയത്. പാനിപത്ത് ജില്ലയിലെ സമൽഖ മണ്ഡലത്തിൽനിന്നുള്ള എംഎ‍ൽഎയാണ് ഛൗക്കർ.

പരിശോധന നടന്ന മാഹിര റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഛൗക്കറിന്റേയും മക്കളായ സിഖന്ദർ സിങ്, വികാസ് ഛൗക്കർ എന്നിവരുടെ ഉടമസ്ഥതിയിലുള്ളതാണെന്ന് ഇ.ഡി. അറിയിച്ചു. മാഹിര ഗ്രൂപ്പിൽനിന്ന് വീട് വാങ്ങാൻ പണം നൽകിയവരെ വഞ്ചിച്ചുവെന്നാണ് കേസ്. മാഹിര ഗ്രൂപ്പിന് കീഴിലുള്ള മാഹിര ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ വസ്തുക്കളിൽ ജൂലായ് 25-നായിരുന്നു ഇ.ഡി. റെയ്ഡ്. സമൽഖയിലും ഗുഡ്ഗാവിലും ഡൽഹിയിലുമായി 11 ഇടത്താണ് റെയ്ഡ് നടത്തിയത്.

1,497 പേരിൽ നിന്നായി വീട് നൽകാമെന്ന് പറഞ്ഞ് 360 കോടി രൂപ തട്ടിച്ചുവെന്നാണ് നേരത്തെ സായ് ഐന ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന മാഹിര ഇൻഫ്രടെക്കിനെതിരായ കേസ്. എന്നാൽ, പല തവണ പറഞ്ഞ അവധി കഴിഞ്ഞിട്ടും ഇവർക്ക് വാഗ്ദാനം ചെയ്ത വീട് ലഭ്യമാക്കാൻ കഴിഞ്ഞില്ല. ഡൽഹിക്കടുത്ത് ഗുഡ്ഗാവിൽ സെക്ടർ 68-ൽ കുറഞ്ഞ ചെലവിൽ വീട് എന്നതായിരുന്നു വാഗ്ദാനം. ഗുഡ്ഗാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഇ.ഡി. ഏറ്റെടുക്കുകയായിരുന്നു.

മാഹിര ഗ്രൂപ്പിനെതിരെ പ്രതിഷേധവുമായി പണം നൽകിയവർ രംഗത്തെത്തിയിരുന്നു. ഇവർ കമ്പനിക്കെതിരെ ധർണയടക്കം നടത്തി പരസ്യമായി രംഗത്തെത്തി. ഛൗക്കറും മക്കളും റെയ്ഡിനോടും അന്വേഷണത്തോടും സഹകരിക്കുന്നില്ലെന്ന് ഇ.ഡി. അറിയിച്ചു. വ്യാജ നിർമ്മാണച്ചെലവ് രേഖകൾ നിർമ്മിച്ച് വീട് വാങ്ങുന്നവരുടെ പണം കമ്പനി തട്ടിയെടുത്തു. വ്യാജ ബില്ലുകളും ഇൻവോയ്സുകളും തയ്യാറാക്കി പണം സ്വകാര്യ ആവശ്യങ്ങളിലേക്ക് ഉടമകൾ വഴിമാറ്റിയെന്നും ഇ.ഡി. അറിയിച്ചു.