ചെന്നൈ: മണിപ്പൂരിലെ കലാപ ബാധിതർക്ക് സഹായ വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പത്തു കോടി രൂപയുടെ അവശ്യസാധനങ്ങൾ അയക്കാം എന്ന് അറിയിച്ച് മണിപ്പൂർ മുഖ്യമന്ത്രിക്ക് സ്റ്റാലിൻ കത്ത് അയച്ചു. മണിപ്പൂർ അനുവദിച്ചാൽ സഹായം നൽകുമെന്ന് സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തെ അസാധാരണ സാഹചര്യത്തിൽ സഹായം നൽകാൻ തയ്യാറെന്നും കത്തിൽ വ്യക്തമാക്കുന്നു.

അതേ സമയം, മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാകും എന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തെ എതിർത്ത് കൂട്ടബലാൽസംഗത്തിന് ഇരയായവർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.