- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാർ സർക്കാർ നടത്തുന്ന ജാതി സർവേ സാധുതയുള്ളത്; ഹർജികൾ തള്ളി പട്ന ഹൈക്കോടതി; സുപ്രീം കോടതിയെ സമീപിക്കുമെന്ന് പരാതിക്കാർ
പട്ന: ബിഹാർ സർക്കാർ നടത്തുന്ന ജാതി സർവേ സാധുതയുള്ളതും നിയമപരവുമാണെന്ന് പട്ന ഹൈക്കോടതി. 2022 ജൂണിൽ സംസ്ഥാന സർക്കാർ ആരംഭിച്ച ജാതി സർവേയ്ക്കെതിരെ സമർപ്പിച്ച ഹർജികൾ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ദിനു കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. ജാതി സർവേയുമായി ബന്ധപ്പെട്ട ഉത്തരവിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും എല്ലാ ഹർജികളും തള്ളുകയാണെന്നും ബെഞ്ച് വ്യക്തമാക്കി.
അതേസമയം, വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ഹർജിക്കാർ പറഞ്ഞു. ''എല്ലാ ഹർജികളും ഹൈക്കോടതി തള്ളി. ഇനി സർക്കാരിന് ജാതി സെൻസസ് തുടരാം. ഞങ്ങൾ സുപ്രീം കോടതിയെ സമീപിക്കും'' അഭിഭാഷക റിതിക ശർമ പറഞ്ഞു.
ബിഹാർ സർക്കാർ ആരംഭിച്ച സംസ്ഥാനതല ജാതി സെൻസസ് മെയ് 4ന് പട്‌ന ഹൈക്കോടതി സ്റ്റേ ചെയ്തതിരുന്നു. തുടർന്ന് സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. കേസിൽ അന്തിമ വാദം കേൾക്കുന്നത് പട്‌ന ഹൈക്കോടതി ജൂലൈയിൽ നിശ്ചയിച്ചിരുന്നത് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇടപെടാൻ വിസമ്മതിച്ചത്.
ഭരണഘടനയുടെ 15-ഉം 16-ഉം അനുച്ഛേദങ്ങൾ പ്രകാരം ജാതി അടിസ്ഥാനത്തിലുള്ള വിവരശേഖരണം ഭരണഘടനാപരമാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. ബിഹാറിലെ ആദ്യഘട്ട ജാതി സർവേ ജനുവരി 7 നും 21 നും ഇടയിലാണ് നടത്തിയത്.




