ന്യൂഡൽഹി: ഭരണ പ്രതിപക്ഷ തർക്കത്തെ തുടർന്ന് പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുന്നതിൽ അസന്തുഷ്ടി രേഖപ്പെടുത്തി ലോക്സഭാ സ്പീക്കർ ഓം ബിർല. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തർക്കങ്ങളിൽ തുടർച്ചയായി ലോക്‌സഭ തടസപ്പെടുന്നതിനാൽ ബുധനാഴ്ച സഭ നിയന്ത്രിക്കാതെ അദ്ദേഹം വിട്ടുനിന്നു.

ലോക്സഭാംഗങ്ങൾ സഭയോടു ബഹുമാനം പുലർത്തുന്ന സമീപനം സ്വീകരിക്കുന്നതു വരെ സഭാ നടപടികൾ നിയന്ത്രിക്കുന്നതിൽനിന്ന് ഓം ബിർല വിട്ടുനിൽക്കുമെന്ന എഎൻഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസത്തെ സഭാ നടപടികൾക്കിടെയുണ്ടായ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും സമീപനത്തിൽ ഓം ബിർല അസ്വസ്ഥനാണെന്നാണു റിപ്പോർട്ടുകൾ. ലോക്‌സഭയുടെ മഹത്വം കാക്കുന്ന തരത്തിലുള്ള സമീപനമാണു സഭാംഗങ്ങളിൽനിന്നു സ്പീക്കർ പ്രതീക്ഷിക്കുന്നത്.

ബുധനാഴ്ച സഭ ചേർന്നപ്പോൾ ഓം ബിർലയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ബിജെപി അംഗം കിരിത് സോളങ്കിയാണ് സഭാ നടപടികൾ നിയന്ത്രിച്ചത്. ബുധനാഴ്ചത്തെ ലോക്സഭാ നടപടികളും മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടർന്നു പിരിഞ്ഞു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം.

ബുധനാഴ്ച ലോക്‌സഭയിൽ ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും പ്രത്യേക അഥോറിറ്റിക്ക് കൈമാറുന്ന ബിൽ പാസാക്കേണ്ടിയിരുന്നതാണ്. ബഹളത്തിന്റെ പശ്ചാത്തലത്തിൽ ഇതും മാറ്റിവച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതൽ പ്രതിപക്ഷബഹളത്തിൽ സഭാനടപടികൾ മുടങ്ങുകയാണ്.