- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള ബില്ലിനെ ടിഡിപി പിന്തുണക്കും; ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി
ന്യൂഡൽഹി: ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള ബില്ലിനെ പിന്തുണയ്ക്കാൻ തെലുങ്ക് ദേശം പാർട്ടിയുടെ തീരുമാനം. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള പാർട്ടി വീണ്ടും ബിജെപിയോട് അടുക്കാൻ ശ്രമിക്കുന്നതിന്റെ സൂചനകൂടിയാണ് നിലപാട് മാറ്റം. സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ എതിർക്കാൻ ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി നടത്തുന്ന തീവ്രശ്രമത്തിനു തിരിച്ചടിയാണ് ടിഡിപിയുടെ പുതിയ നീക്കം.
എൻഡിഎയുടെ ഭാഗമായിരുന്ന ടിഡിപി 2018ൽ സഖ്യം വിടുകയും നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തിരുന്നു. ലോക്‌സഭയിൽ മൂന്നും രാജ്യ സഭയിൽ ഒന്നും എംപിമാരാണ് ടിഡിപിക്കുള്ളത്. ആന്ധ്രാപ്രദേശ് ഭരിക്കുന്ന വൈഎസ്ആർസിപി പാർട്ടിയും കഴിഞ്ഞ ദിവസം ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആന്ധ്രയിലെ ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയെ പിന്തുണയ്ക്കും. ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്‌നായിക്കും ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നുമുള്ള സുപ്രീം കോടതി വിധി മറികടക്കാനാണ് കേന്ദ്രം ബിൽ കൊണ്ടുവന്നത്.




