സൂററ്റ്: ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. ഇംതിയാസ് പട്ടേൽ (45), അമിൻ പട്ടേൽ (22), വരുൺ വാസവ (22), രാഘറാം (54) എന്നിവരാണ് മരിച്ചത്.

സൂറത്ത് ജില്ലയിലെ മോട്ട ബൊർസര ഗ്രാമത്തിൽ നീലം ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഗോഡൗണിലാണ് സംഭവം. തൊഴിലാളികൾ രാസവസ്തുക്കളുടെ ഡ്രമ്മുകൾ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം നടന്നതെന്ന് പരിശോധനയിൽ വ്യക്തമായി. അഞ്ച് തൊഴിലാളികൾ ഫാക്ടറിയിലെ രാസവസ്തുക്കളുടെ ഡ്രമ്മുകൾ മാറ്റുമ്പോൾ ഡ്രമ്മിന്റെ അടപ്പ് തുറന്ന് പുക പടരുകയായിരുന്നു. തുടർന്ന് അഞ്ചുപേരും ബോധരഹിതരാവുകയായിരുന്നു. ഉടൻ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേർ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഒരാൾ ചികിത്സയിലാണെന്നും ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ രാസവസ്തുവിന്റെ സ്വഭാവവും മരണ കാരണവും പരിശോധിക്കാൻ സാമ്പിൾ എടുക്കുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം ഗോഡൗണിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തതായും ഐ.പി.സി സെക്ഷൻ 304 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ) പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരണത്തിന് കാരണമായ രാസവസ്തു ഇതുവരെ കണ്ടെത്താനായില്ല.