- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമാനത്താവളത്തിലെത്തിയത് 15 മിനിറ്റ് വൈകി; വിമാനത്തിൽ കയറാൻ അനുവദിച്ചില്ല; ജീവനക്കാരിക്ക് യാത്രക്കാരിയുടെ മർദ്ദനം
ന്യൂഡൽഹി: ലഖ്‌നോവിലെ ചൗധരി ചരൺ സിങ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ജീവനക്കാരിക്ക് യാത്രക്കാരിയുടെ മർദ്ദനം. മുംബൈയിലേക്ക് ആകാശ എയർലൈൻസിൽ യാത്രക്കായി ഭർത്താവിനൊപ്പമെത്തിയ യാത്രക്കാരിയാണ് ജീവനക്കാരിയെ തല്ലിയത്.
15 മിനിറ്റ് വൈകിയാണ് യാത്രക്കാരിയും ഭർത്താവും വിമാനത്താവളത്തിലെത്തിയത്. തുടർന്ന് വിമാനത്തിൽ കയറാൻ അനുവാദം നൽകണമെന്ന് ആകാശ എയർ ജീവനക്കാരിയായ നിമിഷയോട് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, നിയമങ്ങൾ ചൂണ്ടിക്കാട്ടി ഇതിന് അനുമതി നൽകാനാവില്ലെന്ന് ജീവനക്കാരി അറിയിച്ചു. തുടർന്നാണ് യാത്രക്കാരി ജീവനക്കാരിയെ തല്ലിയ സംഭവമുണ്ടായത്.
തുടർന്ന് ആകാശ എയർ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റിയെ വിളിക്കുകയും അവർ ദമ്പതികളെ സരോജിനി നഗർ പൊലീസിന് കൈമാറുകയും ചെയ്തു. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തന്റെ നിസ്സഹായാവസ്ഥ ദമ്പതികളെ അറിയിച്ചുവെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ അവർ തന്നെ അകാരണമായി മർദിക്കുകയായിരുന്നുവെന്ന് ആകാശ എയർ ജീവനക്കാരിയായ നിമിഷ പറഞ്ഞു. മുംബൈ സ്വദേശികളാണ് പിടിയിലായ ദമ്പതികൾ. ബന്ധുവിനെ കാണാനാണ് ഇവർ ലഖ്‌നോവിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.




