- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആദ്യം വേണ്ടത് തീവ്രവാദവും ശത്രുതയും ഇല്ലാത്ത ഒരന്തരീക്ഷം'; ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച പാക് പ്രധാനമന്ത്രിക്ക് മറുപടിയുമായി ഇന്ത്യ
ന്യൂഡൽഹി: വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്താൻ സന്നദ്ധത അറിയിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിന് മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായി മികച്ച ഒരയൽപക്ക ബന്ധം ഉണ്ടാകുന്നതിന് ആദ്യം വേണ്ടത് തീവ്രവാദവും ശത്രുതയും ഇല്ലാത്ത ഒരന്തരീക്ഷമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയുമായി വിവിധ വിഷയങ്ങളിൽ ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ച പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി രാജ്യത്തിന്റെ നിലപാടറിയിച്ചത്.
ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ വ്യക്തവും സ്ഥിരവുമായ നിലപാടാണുള്ളത്. പാക്കിസ്ഥാൻ അടക്കമുള്ള എല്ലാ അയൽ രാജ്യങ്ങളോടും സാധാരണ ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. തീവ്രവാദവും ശത്രുതയും ഇല്ലാത്ത ഒരന്തരീക്ഷം അതിന് അനിവാര്യമാണ്, ബാഗ്ചി പറഞ്ഞു.
ഗൗരവമുള്ളതും പരിഹരിക്കപ്പെടാത്തതുമായ എല്ലാ വിഷയങ്ങളിലും ഇന്ത്യയുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് ഷഹബാസ് ശരീഫ് വ്യക്തമാക്കിയിരുന്നു. ദാരിദ്ര്യത്തോടും തൊഴിലില്ലായ്മയോടും പാക്കിസ്ഥാൻ പൊരുതുമ്പോൾ യുദ്ധം രണ്ട് രാജ്യങ്ങൾക്കും ഗുണംചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. യുദ്ധങ്ങൾ മൂലം രാജ്യത്തിനുണ്ടായ കെടുതികളും അദ്ദേഹം പരാമർശിച്ചു.
ഷഹബാസ് നയിക്കുന്ന സഖ്യസർക്കാരിന്റെ കാലാവധി ഈ മാസം 12-ന് അവസാനിക്കും. പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന വേളയിലാണ് ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചത്.




