ചെന്നൈ: തമിഴ് ബോഡി ബിൽഡറും മുൻ മിസ്റ്റർ തമിഴ്‌നാടുമായിരുന്ന വിജയ് അരവിന്ദ് ശേഖർ (30) ഹൃദയാഘാതം മൂലം മരിച്ചു. 2022 ലെ മിസ്റ്റർ തമിഴ്‌നാട് വിജയിയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനു പിന്നാലെ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ് നടി ശ്രുതി ഷൺമുഖപ്രിയയുടെ ഭർത്താവാണ് അരവിന്ദ്. വർഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴിഞ്ഞ വർഷം മേയിലാണു വിവാഹിതരായത്.

അരവിന്ദിന്റെ മരണത്തെക്കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിക്കുന്നതിനെതിരെ നടി ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രം പോസ്റ്റിലൂടെയാണ് ശ്രുതി പ്രതികരിച്ചത്. അരവിന്ദ് മരിച്ചത് ഹൃദയാഘാതം വന്നാണെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ പറഞ്ഞു.

പേരെടുത്ത വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓൺലൈനിൽ നടത്തിയിരുന്ന ക്ലാസുകൾക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്. അരവിന്ദിന്റെ മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് പാരീസിൽ റെക്കോർഡ് ചെയ്ത ഒരു വീഡിയോ പുറത്തുവരുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.