റായ്പുർ: ഫോൺ കോളിനെ ചൊല്ലി കാമുകനുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിൽ 80 അടി ഉയരമുള്ള ഹൈ ടെൻഷൻ പവർ ലൈനിന്റെ ടവറിനു മുകളിൽ കയറിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും പിന്നാലെ കയറിയ കാമുകനെയും അനുനയിപ്പിച്ച് സുരക്ഷിതമായി താഴെയിറക്കി. ഛത്തീസ്‌ഗഡിലെ ഗൗരേല പേന്ദ്ര മർവാഹി ജില്ലയിലാണ് സംഭവം.

ഫോൺ കോളിനെ ചൊല്ലി കാമുകനുമായി പെൺകുട്ടി വഴക്കിട്ടിരുന്നു. മണിക്കൂറുകൾക്ക് മുൻപുണ്ടായ തർക്കത്തിന് പിന്നാലെ കാമുകനോട് കോപിച്ച് പെൺകുട്ടി ഹൈ ടെൻഷൻ ലൈനിൽ കയറുകയായിരുന്നു. പിന്നാലെ പെൺകുട്ടിയെ പിന്തിരിപ്പിക്കാനായി യുവാവും ടവറിൽ കയറുകയായിരുന്നു.   ഇറങ്ങാൻ ആവശ്യപ്പെട്ട് കാമുകനും പിന്നാലെ കയറിയതോടെ നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു.

ഇരുവരെയും താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിച്ചു. ഇരുവരുടെയും വീട്ടുകാരെയും അറിയിച്ചിരുന്നു. പൊലീസ് എത്തുമ്പോഴേക്കും പ്രദേശവാസികൾ ടവറിന് ചുറ്റും തടിച്ചുകൂടിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥർ ഇരുവരെയും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. മണിക്കൂറുകൾക്കുശേഷം ഇരുവരും വഴങ്ങി. സംഭവത്തിൽ പൊലീസ് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് ഇരുവർക്കും താക്കീതു നൽകി.