മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനി റൊമാന ജാഹുറാണ് വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. റൊമാന ജാഹുർ എന്നാണ് വധുവിന്റെ പേരെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

''വിവാഹം കശ്മീരിൽവച്ചു നടത്താനാണു നിയോഗമെന്ന്' സർഫറാസ് കശ്മീരി മാധ്യമങ്ങളോടു പ്രതികരിച്ചു. ദൈവം തീരുമാനിച്ചാൽ ഇന്ത്യൻ ജഴ്‌സിയിൽ ഗ്രൗണ്ടിൽ ഇറങ്ങുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി സർഫറാസ് പറഞ്ഞു.

വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ, ഇന്ത്യൻ താരങ്ങളായ ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, തിലക് വർമ, അക്ഷർ പട്ടേൽ എന്നിവർ സമൂഹമാധ്യമത്തിൽ താരത്തിന് ആശംസകൾ അറിയിച്ചു. 25 വയസ്സുകാരനായ സർഫറാസ് ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലാണ് സർഫറാസ് കഴിഞ്ഞ കുറച്ചു സീസണുകളിലായി കളിക്കുന്നത്. അവസാന മൂന്ന് രഞ്ജി ട്രോഫി ടൂർണമെന്റുകളിൽ 2566 റൺസ് താരം സ്‌കോർ ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 79.65 ആണ് താരത്തിന്റെ ശരാശരി. പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗിൽ താരത്തിനു തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസിനെ ഉൾപ്പെടുത്താത്തതിനെതിരെ വൻ വിമർശനമാണ് സിലക്ടർമാർക്കു നേരിടേണ്ടിവന്നത്.