- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂട്ടബലാത്സംഗത്തിന് ഇരയായി 14കാരിയായ മകൾ കൊല്ലപ്പെട്ടു; ചിതയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് പിതാവ്; കേസിൽ നാല് പേർ അറസ്റ്റിൽ
ജയ്പൂർ: രാജസ്ഥാനിലെ ബിൽവാരയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 14കാരിയുടെ പിതാവ് സംസ്‌കാര ചടങ്ങിനിടെ ചിതയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതര പൊള്ളലേറ്റ പിതാവ് മഹാത്മ ഗാന്ധി ഗവ. ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി ഡയറക്ടർ ഡോ. അരുൺ ഗൗർ അറിയിച്ചു.
ഓഗസ്റ്റ് രണ്ടിന് ആട് മെയ്‌ക്കാൻ പോയ പെൺകുട്ടിയെ കാണാതാവുകയും രണ്ട് ദിവസത്തിന് ശേഷം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയുമായിരുന്നു. പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ചൂളയിലിട്ട് കത്തിച്ചെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയുടെ ചില ശരീര ഭാഗങ്ങൾ കത്തിക്കുകയും മറ്റുള്ളവ സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവത്തിൽ കാലു ലാൽ (25), കൻഹ (21), സഞ്ജയ് കുമാർ (20), പപ്പു (35) എന്നിവരെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതിന് പ്രതികളിൽ രണ്ടുപേരുടെ ഭാര്യമാർക്കെതിരെയും കേസെടുത്തിരുന്നു.
സംഭവത്തിൽ പൊലീസിന്റെ അനാസ്ഥക്കെതിരെ പരാതിയുയർന്നതോടെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തിരുന്നു. കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെൻഷൻ.




