- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി സർവ്വീസസ് ബില്ലിനെ വോട്ട് ചെയ്യാൻ മന്മോഹൻ സിങ് വീൽ ചെയറിൽ രാജ്യസഭയിലെത്തി; പ്രചോദനമെന്ന് കോൺഗ്രസ്; വിമർശിച്ച് ബിജെപി
ന്യൂഡൽഹി: ആരോഗ്യപ്രശ്‌നങ്ങൾ നേരിടുമ്പോഴും ഡൽഹി സർവ്വീസസ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ വീൽ ചെയറിൽ രാജ്യസഭയിലെത്തിയ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. ഈ സാഹചര്യത്തിലും സഭയിലെത്താനുള്ള മന്മോഹൻ സിംഗിന്റെ തീരുമാനമത്തെ പ്രതിപക്ഷം പ്രശംസിച്ചപ്പോൾ വിമർശിച്ച് ബിജെപി രംഗത്ത് വന്നു.
രാജ്യസഭയിലെത്തിയതിന് ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ മന്മോഹൻ സിംഗിന് നന്ദി പറഞ്ഞു. ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത വലിയ പ്രചോദനമാണ്. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ആം ആദ്മി എംപി പറഞ്ഞു.
അതേസമയം, 90 വയസിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് രാജ്യസഭയിലെത്തിയത് പ്രതിപക്ഷവും ബിജെപിയും തമ്മിലുള്ള വാക്‌പോരിനും കാരണമായി. കോൺഗ്രസിന്റെ ഈ ഭ്രാന്തിനെ രാജ്യം ഓർക്കും! ഈ ആരോഗ്യ നിലയിൽ പോലും ഒരു മുൻ പ്രധാനമന്ത്രിയെ പാർലമെന്റിൽ ഏറെ വൈകി വീൽ ചെയറിൽ ഇരുത്തി അതും തങ്ങളുടെ സത്യസന്ധതയില്ലാത്ത കൂട്ടുകെട്ട് നിലനിർത്താൻ വേണ്ടി മാത്രം. അങ്ങേയറ്റം ലജ്ജാകരമെന്ന് ബിജെപി പരിഹസിച്ചു.
മന്മോഹൻ സിംഗിന്റെ രാജ്യസഭയിലെ സാന്നിധ്യത്തെക്കുറിച്ചുള്ള ബിജെപിയുടെ അഭിപ്രായത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നു. ജനാധിപത്യത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസമാണ് ഇത് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. മന്മോഹൻ സിംഗിനെ കൂടാതെ, ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) രോഗബാധിതനായ ഷിബു സോറനും സഭയിൽ സന്നിഹിതനായിരുന്നു.
അതേസമയം, ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിലും പാസായിരുന്നു. പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് ഒഴിവാക്കി അംഗങ്ങൾക്ക് സ്ലിപ് നൽകിയാണ് വോട്ടെടുപ്പ് നടത്തിയത്. പ്രതിപക്ഷത്ത് നിന്നുയർന്ന ശക്തമായ വിമർശനങ്ങളെയും എതിർ വാദങ്ങളെയും ഭരണപക്ഷത്ത് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ഭരണപക്ഷം നേരിട്ടത്.
ബില്ലിൽ ചർച്ച നടക്കുന്നതിനിടെ പ്രസംഗിക്കാൻ എഴുന്നേറ്റ ബിജെപി എംപിയും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗൊഗോയിക്കെതിരെ വിമർശനം ഉന്നയിച്ച് ജയ ബച്ചനടക്കം നാല് വനിതാ എംപിമാർ ഇറങ്ങിപ്പോകുന്നതിനും സഭ സാക്ഷ്യം വഹിച്ചു.




