ന്യൂഡൽഹി: എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ ബിജെപിയുമായി അടുക്കുന്നെന്ന പ്രചാരണത്തിനിടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരദ് പവാറിന് പ്രധാനമന്ത്രി പദത്തിലെത്താൻ കഴിയാതിരുന്നത് കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയം മൂലമാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

മഹാരാഷ്്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിലെ എംപിമാരുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ നിരീക്ഷണം. ''കോൺഗ്രസിനെ പോലെ ബിജെപിക്ക് ധാർഷ്ഠ്യമില്ല, അതുകൊണ്ടു തന്നെ ബിജെപി അധികാരത്തിൽ തുടരും'' യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഏഴുവർഷത്തിനു ശേഷം ഈ മാസം ആദ്യം പ്രധാനമന്ത്രിയുമായി ശരദ് പവാർ വേദിയും പങ്കിട്ടിരുന്നു. എൻസിപി, പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയുടെ ഭാഗമായിരിക്കേ, അതിന്റെ ദേശീയ അധ്യക്ഷൻ തന്നെ മോദിയുമായി വേദി പങ്കിട്ടതിൽ പ്രതിപക്ഷനിരയിൽ നിന്നും വിമർശനം ഉയർന്നിരുന്നു.

എംപിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്‌ക്കെതിരെയും വിമർശനം ഉയർത്തി. ശിവസേനയുമായുള്ള സഖ്യം തകർത്തതിനു പിന്നിൽ തങ്ങളല്ലെന്നും ശിവസേന തന്നെയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 2014 മുതൽ ശിവസേന തങ്ങൾക്കൊപ്പമാണ്. എന്നാൽ അവരുടെ മുഖപത്രമായ സാമ്‌ന സർക്കാരിനെ നിരന്തരം വിമർശിച്ചിരുന്നു.

അത് ഞങ്ങൾ ക്ഷമിക്കുകയും ചെറിയ കാര്യമായി എടുക്കുകയും ചെയ്തു. അധികാരത്തിൽ തങ്ങൾക്കൊപ്പം തുടരാൻ ആഗ്രഹിക്കുമ്പോഴും വിമർശനം തുടരുന്നു. ഇത് രണ്ടും ഒന്നിച്ച് എങ്ങനെയാണു നടക്കുന്നത്. ഏക്‌നാഥ് ഷിൻഡെ ഞങ്ങൾക്കൊപ്പം ചേർന്നു, മുഖ്യമന്ത്രി പദം ലഭിച്ചു. ഞങ്ങൾ ഒന്നിച്ചുനിൽക്കും. എൻഡിഎയിലേക്ക് വരാൻ ആഗ്രഹിക്കുന്ന പാർട്ടികളെ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു.