ന്യൂഡൽഹി: സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ പാർലമെന്റിൽ നടത്തിയ പരാമർശത്തെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. പ്രകാശ് കാരാട്ടും വ്യവസായി നെവില്ലെ റോയ് സിംഗവും തമ്മിൽ ദേശവിരുദ്ധമായ അടുത്ത ബന്ധമെന്നാണ് ബിജെപി എംപി ആരോപിച്ചത്. സിപിഎം രാഷ്ട്രീയവും പ്രത്യയശാസ്ത്രവും തുറന്ന പുസ്തകമാണെന്നും ബിജെപിയുടെ വർഗീയ രാഷ്ടീയത്തെ എതിർക്കുന്നതുകൊണ്ടാണ് സിപിഎമ്മിനെതിരെ അപവാദ പ്രചരണമെന്നും പിബി കുറ്റപ്പെടുത്തി.

പ്രകാശ് കാരാട്ടും അമേരിക്കൻ കോടീശ്വരൻ നെവില്ലെ റോയ് സിംഗവും തമ്മിൽ അടുത്തബന്ധമാണെന്നും ഇരുവരും തമ്മിൽ ചില ഇമെയിലുകൾ കൈമാറിയെന്നുമായിരുന്നു ഇന്നലെ നിഷികാന്ത് ദുബെ ആരോപിച്ചത്. വ്യവസായി നിക്ഷേപം നടത്തിയ ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിലൂടെ ചൈനീസ് അജണ്ടകൾ നടപ്പാക്കിയെന്നും ബിജെപി ആരോപിച്ചിരുന്നു. ആരോപണത്തിൽ പറഞ്ഞ ഇമെയിലുകൾ ദുബെ പുറത്ത് വിടട്ടെയെന്ന് സിപിഎം പിബി ആവശ്യപ്പെട്ടു.

ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിൽ അമേരിക്കൻ വ്യവസായി നിക്ഷേപം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ചൈനീസ് അജണ്ടകൾ വെബ്‌സൈറ്റിലൂടെ നടപ്പാക്കിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അടിസ്ഥാനമാക്കി ബിജെപി ആരോപിച്ചിരുന്നു.പാർലമെന്റിൽ അവിശ്വാസ പ്രമേയ ചർച്ചക്കിടെയായിരുന്നു ബിജെപി എംപി സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്.

ചൈനീസ് പ്രൊപ്പഗാൻഡ ഇന്ത്യയിൽ പ്രചരിപ്പിക്കാൻ അമേരിക്കൻ കോടീശ്വരനെ ചൈന പ്രയോഗിച്ചുവെന്നും ഇന്ത്യയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമം നടക്കുന്നതായും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ന്യൂസ്‌ക്ലിക്ക് വെബ് സൈറ്റിന് ചൈനീസ് പ്രൊപ്പഗാൻഡ പ്രചരിപ്പിക്കാൻ വലിയ രീതിയിൽ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സമൂഹമാധ്യമങ്ങളിലെ പ്രതികരണം.