വിശാഖപട്ടണം: പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിലെ യുവതി ഹണിട്രാപിൽ കുരുക്കി രഹസ്യവിവരങ്ങൾ ചോർത്തിയെന്ന കേസിൽ സിഐ.എസ്.എഫ് ഉദ്യോഗസ്ഥൻ പൊലീസ് പിടിയിൽ. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലെ സിഐ.എസ്.എഫ് കോൺസ്റ്റബിൾ കപിൽ കുമാർ ജഗദീഷ് ഭായ് ദേവുമുരാരിയാണ് പിടിയിലായത്.

രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ ഒരു വർഷമായി വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലെ സിഐ.എസ്.എഫ് ഫയർ വിങ്ങിൽ ജോലി ചെയ്യുകയാണ് കപിൽ. നേരത്തെ ഹൈദരാബാദ് ഭാനൂരിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ (ബി.ഡി.എൽ) ജോലി ചെയ്തിരുന്നു.

ഇയാൾ പാക്കിസ്ഥാനി യുവതിയുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി സിഐ.എസ്.എഫ് ഇൻസ്‌പെക്ടർ എസ് ശരവണന് വിവരം ലഭിക്കുകയായിരുന്നുവെന്ന് വിശാഖ് സിറ്റി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ തമിഷ എന്ന പേരിൽ ഈ യുവതിയുടെ നമ്പർ സേവ് ചെയ്തതായി കണ്ടെത്തി. സുരക്ഷയെക്കുറിച്ചും സ്റ്റീൽ പ്ലാന്റിനെക്കുറിച്ചുമുള്ള വിവരങ്ങൾ കപിൽ കൈമാറിയതായാണ് നിഗമനം.

ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 4, 9 r/w 3  പ്രകാരമാണ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് പൊലീസ് കപിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പാക് വനിതയിൽനിന്ന് വിഡിയോയും ചില സന്ദേശങ്ങളും കപിലിന് ലഭിച്ചിരുന്നുവെങ്കിലും എല്ലാം ഡിലീറ്റ് ചെയ്തതായി സൗത്ത് സോൺ ഡി.സി.പി കെ. ആനന്ദ റെഡ്ഡി പറഞ്ഞു.

വിശദമായ അന്വേഷണത്തിനായി മൊബൈൽ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കും. എന്നാൽ, സംശയാസ്പദമായ ഒരു വിവരവും യുവതിക്ക് അയച്ചിട്ടില്ലെന്ന് കപിൽ പൊലീസിനോട് പറഞ്ഞു. ഇയാളിൽനിന്ന് മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി ഡി.സി.പി അറിയിച്ചു.