ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് വാഹനാപകടത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മക്കും മകനും ദാരുണാന്ത്യം. അമ്മ അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മകൻ അപകടത്തിൽ മരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അമ്മയും മകനും രണ്ട് അപകടങ്ങളിലായി മരിച്ചത്.

ബൈക്ക് അപകടത്തിൽ അമ്മ മരിച്ചതറിഞ്ഞു ഇൻഡോറിൽ നിന്നും കാറിൽ നാട്ടിലേക്കു വരുന്നതുവഴി മകനും അപകടത്തിൽപ്പെട്ടു മരിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും ഒന്നിച്ചു സംസ്‌ക്കരിച്ചു.

55കാരിയായ റാണി ദേവി രേവ ജില്ലയിൽ വച്ചാണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച ഇളയ മകൻ സണ്ണിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ മറ്റൊരു ബൈക്ക് ഇവരെ ഇടിക്കുകയായിരുന്നു. മകൻ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് ആൺമക്കളും മൂന്നു പെൺമക്കളുമാണ് റാണി ദേവിക്കുള്ളത്. മൂത്ത മകന്റെയും ഇളയ മകന്റെയും ഒപ്പമാണ് ഇവർ താമസിച്ചിരുന്നത്. രണ്ടാമത്തെ മകനായ സൂരജ് ഇൻഡോറിലായിരുന്നു. അമ്മയുടെ മരണവാർത്ത അറിഞ്ഞതിനെ തുടർന്നു സുഹൃത്തിനൊപ്പം കാറിൽ നാട്ടിലേക്കു മടങ്ങവേയാണ് സൂരജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നു നിയന്ത്രണം നഷ്ടമായ കാർ ഒരു ട്രക്കിൽ ഇടിച്ചാണ് സൂരജ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഡ്രൈവറും പരുക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. അമ്മയെയും മകനെയും സ്വന്തം നാടായ രേവ ജില്ലയിലെ ജാത്രിയിൽ ഒന്നിച്ചു സംസ്‌ക്കരിച്ചു.