ന്യൂഡൽഹി: 'അവകാശലംഘനം' ആരോപിച്ചുള്ള പരാതിയിൽ ആംആദ്മി പാർട്ടിയുടെ യുവനേതാവ് രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നാല് എംപിമാരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. വിഷയത്തിൽ പിയൂഷ് ഗോയൽ അവതരിപ്പിച്ച പ്രമേയം സഭ പാസ്സാക്കി.

ഛദ്ദയ്ക്കെതിരെയുള്ള ആരോപണത്തിൽ അവകാശ കമ്മിറ്റിയുടെ അന്വേഷണറിപ്പോർട്ട് ലഭിക്കുന്നതുവരെ സസ്പെൻഷൻ തുടരും. ഛദ്ദയുടെ പ്രവൃത്തി തികച്ചും അധാർമികവും ചട്ടവിരുദ്ധവുമാണെന്ന് പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി.

ഓഗസ്റ്റ് ഏഴിന് സഭയിലവതരിപ്പിച്ച ഒരുപ്രമേയത്തിൽ എംപിമാരുടെ അനുമതിയില്ലാതെ അവരുടെ പേരുകൾ ഉൾപ്പെടുത്തി അവകാശലംഘനം നടത്തി എന്നാണ് ഛദ്ദക്കെതിരെയുള്ള ആരോപണം. ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (അമെൻഡ്മെന്റ് ) ബിൽ 2023 പരിഗണിക്കുന്നതിനായി ഒരു സെലക്ട് കമ്മിറ്റിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഛദ്ദ അവതരിപ്പിച്ച പ്രമേയത്തിലാണ് എംപിമാരുടെ പേരുകൾ ഉൾപ്പെടുത്തിയത്.

മുതിർന്ന നേതാക്കളുമായി നേർക്കുനേർ നിൽക്കുന്ന 34 കാരനായ എംപിയെ അംഗീകരിക്കാൻ ഭരണകക്ഷി ഒരുക്കമല്ലാത്തതിനാലാണ് വ്യാജആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഛദ്ദ ആരോപിച്ചു. ആരുടെയെങ്കിലും ഒപ്പ് താൻ വ്യാജമായി പകർത്തിയെന്ന് തെളിയിക്കാൻ ബിജെപിയെ ഛദ്ദ വെല്ലുവിളിക്കുകയും ചെയ്തു.

ആയിരം തവണ ആവർത്തിച്ചുപറഞ്ഞ് ഒരു നുണയെ നേരാക്കുക എന്നതാണ് ബിജെപിയുടെ ശീലം. ഈ രീതി പിന്തുർന്നാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ഛദ്ദ പറഞ്ഞു. കമ്മിറ്റിയിൽ അംഗങ്ങളായി നാമനിർദ്ദേശം ചെയ്യാൻ ഒരാളുടേയും ഒപ്പോ രേഖാമൂലമുള്ള സമ്മതമോ ആവശ്യമില്ലെന്നും ഛദ്ദ കൂട്ടിച്ചേർത്തു.