അമൃത്സർ: വീടുവിട്ടു പോയ മകൾ തിരികെയെത്തിയപ്പോൾ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ പിതാവ് അറസ്റ്റിൽ. പഞ്ചാബിലെ അമൃത്സർ ജില്ലയിലാണു സംഭവം നടന്നത്. 20കാരിയായ മകളുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളുന്നതിനു മുൻപായി ബൈക്കിൽ കെട്ടി റോഡിലൂടെ വലിക്കുകയും ചെയ്തു. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സിഖുകാരനായ ബാവു എന്നയാളാണു മകളോടു കൊടുംക്രൂരത കാണിച്ചത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആരോടും പറയാതെ ബുധനാഴ്ച വീടുവിട്ടു പോയ മകൾ വ്യാഴാഴ്ച വിട്ടിൽ തിരികെയെത്തുകയായിരുന്നു. ഇതിൽ പ്രകോപിതനായ പിതാവ് മകളെ മർദ്ദിക്കുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊല്ലുമെന്നു പറഞ്ഞു വീട്ടിലുള്ള മറ്റുള്ളവരെയും ഇയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.