ന്യൂഡൽഹി: കോൺഗ്രസിന്റെ മുസ്‌ലിം ബന്ധം വെറും വോട്ട് ബാങ്കിന്റെ അടിസ്ഥാനത്തിലാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു താനില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എൻഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ രാഷ്ട്രീയം കൂട്ടിക്കലർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

''നിലവിൽ, മുസ്‌ലിം വോട്ടുകൾ എനിക്ക് ആവശ്യമില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം മൂലമാണ് എല്ലാ പ്രശ്‌നങ്ങളും സംഭവിക്കുന്നത്. മാസത്തിൽ ഒരു തവണ മുസ്‌ലിംകൾ പാർക്കുന്ന സ്ഥലത്ത് സന്ദർശിക്കാറുണ്ട്, അവരുടെ പരിപാടികളിൽ പങ്കെടുത്ത് ആളുകളുമായി കൂടിക്കാഴ്ച നടക്കും. പക്ഷേ വികസനവുമായി രാഷ്ട്രീയത്തെ കൂട്ടിക്കലർത്താറില്ല. കോൺഗ്രസിന്റെ മുസ്‌ലിം ബന്ധം വെറും വോട്ട് ബാങ്കിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്നുള്ളത് അവർ തിരിച്ചറിയണം'' ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

''മുസ്‌ലിം ഏരിയകളിൽ പ്രചാരണത്തിനു പോവില്ലെന്നു കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ തീരുമാനിച്ചിരുന്നു. വിജയിച്ചതിനുശേഷം മാത്രമേ പോവു എന്നായിരുന്നു നിലപാട്. നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് നിങ്ങൾ വോട്ട് ചെയ്യു എന്നുതന്നെയാണ് ഇത്തവണയും ഞാൻ അവരോട് പറയുന്നത്. മുസ്‌ലിം ഏരിയയിൽ ബിജെപി പ്രചാരണം നടത്തില്ല. എനിക്കു വോട്ട് തരണ്ട, അടുത്ത 10 വർഷത്തിനുള്ളിൽ നിങ്ങളുടെ പ്രദേശം വികസിപ്പിക്കാൻ എന്നെ അനുവദിക്കു. ബാലവിവാഹം പൂർണ്ണമായി അവസാനിച്ചെന്ന് ഞാൻ ഉറപ്പുവരുത്തും. മദ്രസകളിൽ പോവുന്നത് നിർത്തു, പകരം കോളജുകളിൽ പോകു. മുസ്‌ലിം വിദ്യാർത്ഥികൾക്കായുള്ള പ്രത്യേകിച്ചും പെൺകുട്ടികൾക്കായുള്ള 7 കോളജുകൾ ഉടൻ ഉദ്ഘാടനം ചെയ്യും''ഹിമന്ത് ബിശ്വ ശർമ വിശദീകരിച്ചു.