- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിപ്പ്: കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തത് ഗുജറാത്ത് സ്വദേശി; പ്രതിയെ തിരിച്ചറിഞ്ഞത് ഗുജറാത്തിലും ഗോവയിലും നടത്തിയ അന്വേഷണത്തിൽ
കോഴിക്കോട്: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ പ്രതിയെ സൈബർ പൊലീസ് തിരിച്ചറിഞ്ഞു. അഹമ്മദാബാദിലെ ഉസ്മാൻപുര സ്വദേശി കൗശൽ ഷാ(41) ആണ് പ്രതി. സഹപ്രവർത്തകന്റെ വ്യാജ വീഡിയോകോൾ നിർമ്മിച്ച് കോൾ ഇന്ത്യ ലിമിറ്റഡ് റിട്ട. സീനിയർ മാനേജർ കോഴിക്കോട് പാലാഴി സ്വദേശി പി.എസ്.രാധാകൃഷ്ണനിൽ നിന്ന് 40,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ട് ഉടമ കൗശൽ ഷായുടെ വീട്ടിലും അനുബന്ധ സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. ബന്ധുക്കളെ ചോദ്യം ചെയ്തു. ഇയാൾ നേരത്തെ തന്നെ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇയാളെ 5 വർഷം മുമ്പ് വീട്ടിൽ നിന്ന് പുറത്താക്കിയതാണെന്നാണ് മാതാപിതാക്കൾ പറയുന്നത്.
തട്ടിയെടുത്ത പണം നിക്ഷേപിക്കാൻ ഇയാൾ നിരവധി അക്കൗണ്ടുകളാണ് തുടങ്ങിയിട്ടുള്ളത്. ഇവ ഭൂരിഭാഗവും ചേരി നിവാസികളുടെ പേരും ആധാർ കാർഡും ഉപയോഗിച്ച് തുടങ്ങിയവയാണെന്നാണ് പൊലീസ് പറയുന്നത്. രാധാകൃഷ്ണനെ വാട്‌സാപ്പ് കോൾ ചെയ്തത് ഇത്തരത്തിൽ അഹമ്മദാബാദ് സ്വദേശിയായ ജിതേന്ദ്രബായ് എന്നയാളുടെ നമ്പർ ഉപയോഗിച്ചാണെന്നും പൊലീസ് കണ്ടെത്തി.




