ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ ഡൽഹി സർവിസ് ബിൽ രാഷ്ട്രപതി വെള്ളിയാഴ്ച അംഗീകരിച്ചതോടെ നിയമമായി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ ഓഗസ്റ്റ് ഒന്നിനും രാജ്യസഭ ഓഗസ്റ്റ് ഏഴിനും ബിൽ പാസ്സാക്കിയിരുന്നു. സംസ്ഥാനങ്ങളുടെ അധികാരം വളഞ്ഞവഴിയിലൂടെ കവരാനുള്ള കുതന്ത്രമെന്നാണ് ബില്ലിനെതിരെ ആക്ഷേപമുയർന്നത്.

ഉദ്യോഗസ്ഥ നിയമനത്തിനും സ്ഥലംമാറ്റത്തിനുമുള്ള അധികാരം ഡൽഹി സർക്കാറിൽ നിക്ഷിപ്തമാക്കിയ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി മറികടക്കാനാണ് കേന്ദ്രം നിയമഭേദഗതി ബിൽ കൊണ്ടുവന്നത്. കോൺഗ്രസ് അടക്കം ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളും നിയമഭേദഗതിയെ കൂട്ടായി എതിർത്തിരുന്നു.

ഡൽഹിയിലെ ഗ്രൂപ് എ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനും നിയമിക്കുന്നതിനുമുള്ള അധികാരം മുഖ്യമന്ത്രി അധ്യക്ഷനായുള്ള അഥോറിറ്റിക്ക് കൈമാറാനുള്ള ഓർഡിനൻസാണ് ബില്ലാക്കി പാർലമെന്റിൽ അവതരിപ്പിച്ചത്. അഥോറിറ്റിയിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും അംഗങ്ങളാവും. വിയോജിപ്പുണ്ടായാൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാർ നോമിനിയായ ലെഫ്റ്റനന്റ് ഗവർണർക്കാകും. ഇങ്ങനെ വരുന്നതോടെ തെരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാർ ഫലത്തിൽ നോക്കുകുത്തിയാകും.