രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ കനത്ത മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കേദാർനാഥ് തീർത്ഥാടകരായ അഞ്ച് പേരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു അപകടം.

ഗുജറാത്തിൽനിന്നുള്ള ജിഗാർ ആർ. മോദി, മഹേഷ് ദേശായി, പാരിഖ് ദിവ്യാൻഷ്, ഹരിദ്വാർ സ്വദേശികളായ മിന്റു കുമാർ, മനീഷ് കുമാർ എന്നിവരാണ് മരിച്ചത്. ഗുപ്താഷി ഗൗരികുണ്ഡ് ഹൈവേയിൽ ഫാട്ടയ്ക്കും സോനപ്രയാഗിനും ഇടയിലായിരുന്നു അപകടം.

കഴിഞ്ഞ എതാനം ദിവസങ്ങളായി ഉത്തരാഖണ്ഡിൽ കനത്തമഴയാണ് രേഖപ്പെടുത്തുന്നത്. തീർത്ഥാടകർ സഞ്ചരിച്ച കാറിനു മുകളിലേക്കു പാറക്കല്ലുകൾ ഉൾപ്പെടെയുള്ളവ ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിച്ചിലിനു പുറമെ കനത്ത മഴയിൽ പ്രദേശത്തെ റോഡും ഒലിച്ചുപോയി.

അപകടത്തെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിനു രംഗത്തിറങ്ങിയെങ്കിലും കനത്തമഴ തടസ്സമായി. മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അടുത്ത ദിവസങ്ങളിൽ റെഡ് അലർട്ട് ഉൾപ്പെടെയുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.