ഗുവാഹത്തി: അസമിൽ ബിജെപി. വനിതാ നേതാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാർട്ടി നേതാവിനെതിരേ നടപടിയെടുത്ത് നേതൃത്വം. വനിതാ നേതാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഉയർന്ന ആരോപണത്തിലാണ് ബിജെപി. നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

വെള്ളിയാഴ്ചയായിരുന്നു അസം ബിജെപി. കിസാൻ മോർച്ചയുടെ വനിതാ നേതാവ് ആത്മഹത്യ ചെയ്തത്. ഗുവാഹത്തിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. മറ്റൊരു ബിജെപി. നേതാവുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു യുവതി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.

ഇയാളെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതായി ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പാർട്ടി അറിയിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.