ചെന്നൈ: തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് തിരുപ്പതിയിലെ കാനനപാതയിൽ പുലിയെ കണ്ടത്. തീർത്ഥാടനപാതയിലുള്ള ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള നടപ്പാതയിലൂടെ പോയവരാണ് പുലിയെ കണ്ടത്. തീർത്ഥാടകർ ബഹളം വച്ചതിനെത്തുടർന്ന് പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

തിരുപ്പതി തിരുമല അലിപിരി നടപ്പാതയിൽ അഞ്ച് പുലികളുടെ സാന്നിധ്യമാണ് വനംവകുപ്പ് സ്ഥിരീകരിച്ചത്. തിരുമല നമലഗവി, ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ക്യാമറയിലാണ് പുലികളുടെ ദൃശ്യം പതിഞ്ഞത്. തീർത്ഥാടകർക്കു നേരെ പുലിയുടെ ആക്രമണം വർധിച്ചുവരുന്നത് തിരുമല തിരുപ്പതി ദേവസ്ഥാനത്തെയും (ടിടിഡി) വനംവകുപ്പിനെയും കൂടുതൽ ആശങ്കയിലാക്കുകയാണ്. ടിടിഡിയും വനംവകുപ്പും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നു.

അതേസമയം, മൂന്ന് ദിവസം മുൻപ് അലിപിരി നടപ്പാതയിൽ ആറുവയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ തിങ്കളാഴ്ച രാവിലെയാണ് പുലി കുടുങ്ങിയത്. ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപത്താണ് പുലി കൂട്ടിലകപ്പെട്ടത്. ഇതേ സ്ഥലത്തുവച്ചാണ് മാതാപിതാക്കൾക്കൊപ്പം നടന്നുപോകവെ വെള്ളിയാഴ്ച കുട്ടിയെ പുലി ആക്രമിച്ചത്.

കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആദ്യം പുലി കടിച്ചുകൊന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരമെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെയാണ് അച്ഛനമ്മമാർക്കൊപ്പം നടക്കവേ പുലി ആക്രമിച്ചത്. ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. പൊലീസെത്തിയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.

പിടികൂടുന്നതിനിടെ പരുക്കേറ്റ പുലിയെ വെങ്കിടേശ്വര മൃഗശാലയിൽ ചികിത്സയ്ക്കു വിധേയമാക്കി. പിടകൂടിയ പുലിയെ എവിടെ തുറന്നുവിടണമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു ടിടിഡി എക്‌സിക്യുട്ടീവ് ഓഫിസർ എ.വി.ധർമ റെഡ്ഡി അറിയിച്ചു. വിശ്വാസികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. ജൂൺ 22ന് മാതാപിതാക്കൾക്കൊപ്പം നടന്നുപോകുകയായിരുന്ന മൂന്നു വയസ്സുകാരിയെയും പുലി ആക്രമിച്ചിരുന്നു.

തിരുപ്പതിയിൽ ഇനി കുട്ടികളുമായി തീർത്ഥാടനത്തിന് എത്തുന്നവരെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ. കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് പുതിയ നിർദ്ദേശം. തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാർഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക് മല കയറാൻ ആരെയും അനുവദിക്കേണ്ടെന്നും തീരുമാനം