- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ അരാജകത്വവും ക്രമസമാധാന തകർച്ചയും പരിഹരിക്കാൻ നടപടിയെടുക്കണം; ഗവർണറെ കണ്ട് ബിജെപി പ്രതിനിധിസംഘം
പട്‌ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാർ സൃഷ്ടിക്കുന്ന അരാജകത്വവും ക്രമസമാധാന തകർച്ചയും പരിഹരിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി പ്രതിനിധിസംഘം ഗവർണർ രാജേന്ദ്ര അർലേക്കർക്കു നിവേദനം നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റ് സമ്രാട്ട് ചൗധരിയുടെയും പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ കണ്ടത്.
തലസ്ഥാനമായ പട്‌നയിൽ ദിവസവും കൊലപാതകങ്ങൾ നടക്കുന്നു. മറ്റിടങ്ങളിലെ സ്ഥിതി പറയാനുമില്ല. ബിഹാറിൽ 'ജംഗിൾരാജ്' തിരിച്ചു വന്നു. ഭാഗൽപുർ, ദർഭംഗ, സസാറാം, നളന്ദ തുടങ്ങിയ ഇടങ്ങളിൽ തുടർച്ചയായി വർഗീയ സംഘർഷങ്ങളുണ്ടായിട്ടും പ്രീണനനയം കാരണം നിയമ നടപടികൾക്കു തയാറാകുന്നില്ല.
സർക്കാരിനെതിരായ പ്രതിഷേധ സമരങ്ങൾക്കു നേരെ പൊലീസ് അക്രമവും ലാത്തിചാർജും പതിവാണ്. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെ രാഷ്ട്രീയ താൽപര്യങ്ങൾ കാരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതായും ബിജെപി ആരോപിച്ചു.




