മംഗേറിയ: ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ചെറുതും വലുതുമായ നിരവധി വാഹന നിർമ്മാണ കമ്പനികളാണ് മേഖലയിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ യാതൊരു വിധ ഗുണനിലവാരവുമില്ലാത്ത നൂറുകണക്കിന് പ്രോഡക്ടുകളാണ് ദിനപ്രതി വിപണിയിൽ എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഓട്ടത്തിനിടെ രണ്ടായി ഒടിയുന്ന ഇലക്ട്രിക് ബൈക്കിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തെലങ്കാനയിലെ മംഗേറിയയിൽ നിന്നുള്ള സി.സി.ടി.വി വിഡിയോ ആണ് വൈറലായത്. ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് മോട്ടോർസൈക്കിൾ രണ്ടായി ഒടിയുകയായിരുന്നു.തിരക്കേറിയ റോഡിലൂടെ ഒരു യുവാവ് ഇലക്ട്രിക് ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. യുവാവ് ബ്രേക്ക് പിടിച്ചതോടെ ബൈക്കിന്റെ മുൻഭാഗം ഒടിയുകയായിരുന്നു. ഇതോടെ യുവാവ് തെറിച്ച് റോഡിലേക്ക് വീണു.

ഹെൽമെറ്റ് ധരിക്കാതിരുന്ന യുവാവ് അരികിലൂടെ സഞ്ചരിച്ചിരുന്ന ടെമ്പോക്ക് സമീപത്തേക്കാണ് വീണത്. ടെമ്പോ ഡ്രൈവർ സമയോജിതമായി ഇടപെട്ട് ബ്രേക്ക് അമർത്തിയതിനാൽ യുവാവ് രക്ഷപ്പെട്ടു. സംഭവം കണ്ട് ഓടിക്കൂടിയവരും ഞെട്ടി. യുവാവ് ഓടിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് ഏത് കമ്പനി നിർമ്മിച്ചതാണെന്ന കാര്യം വ്യക്തമല്ല.

നിർമ്മാണത്തിലെ അപാകതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിലെ നിർമ്മാണത്തിലെ അപാകതകൾ കാരണം മുമ്പും ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഒല ഇ.വികളുടെ സസ്‌പെൻഷൻ ഒടിയുന്നത് ഒരുസമയത്ത് നിത്യസംഭവമായിരുന്നു.