ഗുർദാസ്പൂർ: പേമാരി കനത്ത നാശം വിതച്ച പഞ്ചാബിലെ ഗുർദാസ്പൂരിൽ 38 ഗ്രാമങ്ങൾ കൂടി വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ. ഇതോടെ വെള്ളപ്പൊക്കത്തിൽ നാശം വിതച്ച ഗ്രാമങ്ങളുടെ എണ്ണം 90 ആയി. നേരത്തെ പ്രളയം ദുരിതത്തിലാഴ്‌ത്തിയ ഗ്രാമങ്ങളുടെ എണ്ണം 52 ആയിരുന്നു. 30,000 ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

വെള്ളപ്പൊക്കത്തെ തുടർന്നുണ്ടാകാനിടയുള്ള പകർച്ച വ്യാധിയും മറ്റും പടരുന്നത് തടയാൻ 15 ഡോക്ടർമാരുടെ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. പോങ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ദുരിതബാധിത ഗ്രാമങ്ങളുടെ എണ്ണം വർദ്ധിക്കുകയായിരുന്നു.

നിരവധി കർഷകരുടെ വിളകൾ വെള്ളത്തിനടിയിലായത് വിലക്കയറ്റവും സൃഷ്ടിക്കുമെന്നാണ് ഭയപ്പെടുന്നത്. 1988ലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ജനങ്ങൾ വളരെ ദുരിതം അനുഭവിച്ചിരുന്നു. ഈ ദുരിതം മറികടക്കാൻ ഒരുപാട് സമയമെടുക്കുമെന്ന് ഗ്രാമത്തിലെ മുതിർന്നവർ അഭിപ്രായപ്പെടുന്നു.