മംഗളൂരു: റേഷൻ കടകളിലൂടെ പൊതുവിതരണത്തിനായി എത്തിച്ച 3892 ക്വിന്റൽ റേഷൻ അരി കാണാനില്ലെന്ന് പരാതി. മംഗളൂരു ബണ്ട്വാൾ ബി.സി.റോഡിലെ എഫ്‌സിഐ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരിയിൽ 3892 കിന്റൽ കാണാനില്ലെന്നാണ് പരാതി. നഷ്ടമായ അരിക്ക് 1.32 കോടിയോളം രൂപ വിലവരും.

ഭക്ഷ്യ-പൊതുവിതരണ മാനജർ ശരത് കുമാർ ഹോണ്ട വെള്ളിയാഴ്ച വൈകുന്നേരം നൽകിയ പരാതിയിൽ കേസെടുത്ത ബണ്ട്വാൾ ടൗൺ പൊലീസ് ഗോഡൗൺ സൂപ്പർവൈസർ കെ.വിജയിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു.

ബി.സി.റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുന്നിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ അരിച്ചാക്കുകളുടെ ശേഖരത്തിൽ വൻ കുറവ് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് മാനജർ പരാതി നൽകിയത്. നല്ല അരി അടിച്ചു മാറ്റി പകരം ഗുണനിലവാരം കുറഞ്ഞത് എത്തിക്കുന്ന ഏർപ്പാടുള്ളതായാണ് സൂചന. പകരം ലോഡുകൾ എത്തും മുമ്പാണ് സന്ദർശനം നടന്നത്.

ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണർ മുള്ളൈ മുഗിളൻ,ജില്ല പൊലീസ് സൂപ്രണ്ട് സി.ബി.ഋഷ്യന്ത് എന്നിവർ ഗോഡൗൺ സന്ദർശിച്ച് നിർദേശങ്ങൾ നൽകി. ഡി.സി ഫുഡ് കോർപറേഷൻ കർണാടക അധികൃതരുമായി പ്രശ്‌നം ചർച്ച ചെയ്തു.

കെ.എസ്.എഫ്‌സി സംസ്ഥാന അധികൃതരോട് സ്ഥലം സന്ദർശിച്ച് വിശദ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതായി ഡി.സി മാധ്യമപ്രവർത്തകരോട് പറഞ്ഞു.അവർ സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ച് തുടർ നടപടി സ്വീകരിക്കും.