ന്യൂഡൽഹി: ബിഹാർ സർക്കാർ നടപ്പാക്കിയ ജാതി സെൻസസിൽ പ്രഥമദൃഷ്ട്യാ പ്രശ്‌നമൊന്നും കാണാനാകാത്തതിനാൽ സ്റ്റേ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിങ്ങൾ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ബിഹാർ സർക്കാർ ജാതി സെൻസസിനുള്ള പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ടെന്നും അവർക്ക് അനുകൂലമായ ഹൈക്കോടതി വിധിയുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

വിവരശേഖരണം ഈ മാസം ആറിന് പൂർത്തിയായെന്നും ശേഖരിച്ച വിവരങ്ങൾ 12ന് അപ് ലോഡ് ചെയ്തുതുടങ്ങിയെന്നും ബിഹാർ സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ബോധിപ്പിച്ചു. ജാതി സെൻസസിൽ ലഭിച്ച വിവരങ്ങൾ പുറത്തുവിടരുതെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു.

സർവേയിലൂടെ ബിഹാർ സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾക്ക് രണ്ടു തലങ്ങളുണ്ടെന്ന് സുപ്രീംകോടതി അതിനോട് പ്രതികരിച്ചു. ഒന്ന് വ്യക്തിപരമാണ്. അവ പുറത്തുവരാതെ കാക്കണം. സ്വകാര്യത സംരക്ഷിക്കാനുള്ള വിധി അതിന് ബാധകമാണ്.

രണ്ടാമത്തേത് സ്ഥിതിവിവരമാണ്. അത് വിലയിരുത്താനുള്ളതാണെന്നും കോടതി വ്യക്തമാക്കി. വ്യക്തിപരമായ ഒരു വിവരവും പുറത്തുവിടില്ലെന്ന് ഇതിന് ശ്യാം ദിവാൻ മറുപടി നൽകി.