ന്യൂഡൽഹി: വർഗീയ സംഘർഷമുണ്ടായ ഹരിയാനയിലെ നൂഹിൽ ഒരു മതവിഭാഗത്തിൽപ്പെട്ടവരുടെ നിർമ്മാണങ്ങളാണ് തെരെഞ്ഞുപിടിച്ച് പൊളിച്ചു മാറ്റിയതെന്ന ആരോപണം നിഷേധിച്ച് ജില്ലാ ഭരണകൂടത്തിന്റെ സത്യവാങ്മൂലം.

നൂഹിലെ ഡെപ്യുട്ടി കമ്മീഷണർ ദിരേന്ദ്ര ഖഡ്ഗത പഞ്ചാബ് ആൻഡ് ഹരിയാണ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണം നിഷേധിച്ചത്. പൊളിച്ചുമാറ്റലിൽ വർഗീയമായ വേർതിരിവ് നടത്തിയെന്ന ആരോപണം ജില്ലാ ഭരണകൂടം നിഷേധിച്ചു.

അനധികൃത നിർമ്മാണങ്ങൾക്കെതിരെ എടുത്ത നടപടി 354 പേരെ ബാധിച്ചതായി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽ 283 പേർ മുസ്ലിങ്ങളും, 71 പേർ ഹിന്ദുക്കളുമാണ്. 38 കടകൾ പൊളിച്ചു മാറ്റിയതിൽ 55 ശതമാനവും ഹിന്ദുക്കളുടേതാണ്. ബാക്കി 45 ശതമാനം മുസ്ലിങ്ങളുടേത് ആണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നുഹ് പൊളിക്കൽ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചാണോ എന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ആരാഞ്ഞു. പൊളിക്കൽ നടപടികൾ നിറുത്തി വയ്ക്കാനും ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.