ന്യൂഡൽഹി: സംഘർഷബാധിത പ്രദേശമായ മണിപ്പുരിൽ ജി20 സമ്മേളനം നടത്താൻ ബിജെപിയെ വെല്ലുവിളിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മണിപ്പുരിലെ പ്രശ്‌നങ്ങൾ നിയന്ത്രണ വിധേയമാണെന്നും പ്രവർത്തനങ്ങൾ സാധാരണ ഗതിയിലായെന്നും കേന്ദ്രം അവകാശപ്പെടുന്ന സാഹചര്യത്തിലാണ് അഖിലേഷിന്റെ വെല്ലുവിളി.

''ജി20യുടെ ഭാഗമായി നിരവധി പരിപാടികൾ ഉത്തർപ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘടിപ്പിച്ചു. എന്നാൽ എന്തുകൊണ്ടാണ് ഒരു പരിപാടി പോലും മണിപ്പുരിൽ സംഘടിപ്പിക്കാത്തത്. ബിജെപിക്ക് ജി20 പരിപാടി കൊണ്ട് നേട്ടമുണ്ടെങ്കിൽ അവർ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കണം. എന്തിനാണ് സർക്കാർ സ്‌പോൺസർ ചെയ്യുന്നത്? എന്തിനാണ് നികുതിദായകർ സ്‌പോൺസർ ചെയ്യുന്നത്?' അഖിലേഷ് ചോദിച്ചു.

''മണിപ്പുരിലെ പ്രശ്‌നങ്ങൾ എല്ലാം അവസാനിപ്പിച്ചുവെന്നാണ് സർക്കാർ പറയുന്നത്. അതുകൊണ്ട് ജി20യുടെ ഒരു പരിപാടിയെങ്കിലും മണിപ്പുരിൽ നടത്തണം. ജി20 പരിപാടി മണിപ്പുരിൽ നടത്തി അവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കാൻ ബിജെപി തയാറാകണം.'' അഖിലേഷ് ആവശ്യപ്പെട്ടു.

കുടുംബ രാഷ്ട്രീയത്തിനെതിരെയും അഴിമതി ഭരണത്തിനെതിരെയും ഇന്ത്യ സഖ്യത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളോടും അഖിലേഷ് പ്രതികരിച്ചു. ജ്യോതിരാദിത്യ സിന്ധ്യ കുടുംബ രാഷ്ട്രീയത്തിന്റെ ഭാഗമല്ലേയെന്ന് അഖിലേഷ് ചോദിച്ചു.

''യോഗി ആദിത്യനാഥും ഇത്തരത്തിലാണ് മുഖ്യമന്ത്രിയായത്. ആവശ്യമാണെങ്കിൽ ഇത്തരക്കാരുടെ ഒരു ലിസ്റ്റ് തന്നെ തരാൻ സാധിക്കും. എംപിമാരെ നാമനിർദ്ദേശം ചെയ്യുന്നതല്ല. ജനം തിരഞ്ഞെടുക്കുന്നതാണ്. മത്സരിക്കാൻ ടിക്കറ്റ് നൽകാൻ മാത്രമേ പാർട്ടിക്കു സാധിക്കൂ. ബിജെപിയിലാണ് കുടുംബപാരമ്പര്യ രാഷ്ട്രീയം ഏറ്റവും കൂടുതൽ'' അഖിലേഷ് പറഞ്ഞു.