ഭോപ്പാൽ: മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നൂഹ് മാതൃകയിൽ വർഗീയ സംഘർഷത്തിനു ബിജെപി ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി മുന്മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ് സിങ്. ദിഗ്‌വിജയ് സിങ്ങിന്റെ ആരോപണം മധ്യപ്രദേശ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച് തനിക്ക് വിവരം ലഭിച്ചതായി ദിഗ്‌വിജയ് സിങ് വെളിപ്പെടുത്തി. സംസ്ഥാന കോൺഗ്രസ് ലീഗൽ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന അഭിഭാഷകരുടെ 'വിധിക് വിമർശ് 2023' സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''മധ്യപ്രദേശിൽ ബിജെപി വലിയ വെല്ലുവിളികൾ നേരിടുകയാണ്. ധാരാളം ആളുകളുടെ അനിഷ്ടം നേരിടുന്നുണ്ടെന്നത് അവർക്കു തന്നെ അറിയാം. ഇതിനെ നൂഹ് മാതൃകയിലുള്ള വർഗീയ കലാപം ഉയർത്തി നേരിടാനാണ് അവരുടെ ശ്രമം. ഇതു സംബന്ധിച്ച് വിവരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും.'' ദിഗ്‌വിജയ് സിങ് പറഞ്ഞു.

ബിജെപി സർക്കാർ അഴിമതിക്കു നേതൃത്വം നൽകുകയാണെന്ന് ആരോപിച്ച് മുന്മുഖ്യമന്ത്രി കമൽനാഥും രംഗത്തെത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബജ്റങ് ദളിനെ നിരോധിക്കില്ലെന്ന് ദിഗ്‌വിജയ് സിങ് മുൻപ് വ്യക്തമാക്കിയിരുന്നു. ബജ്റങ് ദളിൽ നല്ല ആളുകളും ഉണ്ടാകാം. എന്നാൽ ആക്രമണങ്ങളിൽ ഉൾപ്പെടുന്ന ആരെയും വെറുതെ വിടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.