മുംബൈ: ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻസിപിയുടെ മുൻ ട്രഷററും ശരദ് പവാറിന്റെ വിശ്വസ്തനുമായ ഈശ്വർലാൽ ജെയിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പരിശോധനയിൽ 1.1 കോടി രൂപ പണമായും 25 കോടി രൂപ വിലമതിക്കുന്ന 39 കിലോ സ്വർണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു.

ജൽഗാവ്, നാസിക്, താനെ എന്നിവിടങ്ങളിലെ ജെയിനിന്റെ 13 സ്ഥാപനങ്ങളിൽ ഇഡി പരിശോധന നടത്തി. ജെയിനിന്റെ മകൻ മനീഷ് നിയന്ത്രിക്കുന്ന റിയൽറ്റി സ്ഥാപനത്തിൽ നിന്ന് 50 മില്യൺ യൂറോയുടെ വിദേശ ഇടപാട് സൂചിപ്പിക്കുന്ന രേഖകൾ മൊബൈൽ ഫോണുകളിൽ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്മൽ ലഖിചന്ദ് ഗ്രൂപ്പിന്റെ 50 കോടിയിലധികം വിലമതിക്കുന്ന 60 സ്വത്തുക്കളുടെയും ജൽഗാവിലെ രണ്ട് ബിനാമി സ്വത്തുക്കളുടെയും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡ് നടത്തിയത്.

ജെയിനിന്റെ നിയന്ത്രണത്തിലുള്ള 3 ജൂവലറി സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ പരിശോധിച്ചു. രാജ്മൽ ലഖിചന്ദ് ഗ്രൂപ്പുമായി ബന്ധമുള്ളവർ വഴി വ്യാജ വിൽപ്പന-വാങ്ങൽ ഇടപാടുകൾ നടത്തി പ്രമോട്ടർമാർ വിവിധയിടങ്ങളിൽ നിക്ഷേപിച്ചതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യവസായി ഈശ്വർലാൽ ജെയിനിന്റെ മൂന്ന് ജൂവലറി കമ്പനികളുടെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ കള്ള ഇടപാടുകളുടെ വ്യാപ്തി വെളിപ്പെട്ടതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

ആർ എൽ എന്റർപ്രൈസസിന്റെ പേരിൽ പുതിയ ജൂവലറി ബിസിനസും റിയൽ എസ്റ്റേറ്റ് മേഖലയിലും കാർ ഡീലർഷിപ്പിലും ആശുപത്രി സ്ഥാപിക്കുന്നതിലും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ സിബിഐയുടെ ഡൽഹി യൂണിറ്റ് രാജ്മൽ ലഖിചന്ദ് ജൂവലേഴ്സ്, ആർഎൽ ഗോൾഡ്, മൻരാജ് ജൂവലേഴ്സ്, പ്രൊമോട്ടർമാരായ ജെയിൻ, മനീഷ് ജെയിൻ, അവരുടെ മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്കെതിരെ മൂന്ന് ബാങ്ക് തട്ടിപ്പ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.

എസ്‌ബിഐയിൽ നിന്ന് 353 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കേസ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിൽ, പ്രധാന കമ്പനിയുടെ അക്കൗണ്ടുകളിൽ വ്യാജ വിൽപ്പന-വാങ്ങൽ ഇടപാടുകൾ കണ്ടെത്തിയതായി ഇഡി പറഞ്ഞു. വിൽപന നടത്തിയ സ്റ്റോക്കിൽ വലിയൊരു ഭാഗം നഷ്ടപ്പെട്ടതായും ഇഡി പറഞ്ഞു.

1,284 കിലോഗ്രാമിൽ കൂടുതലുള്ള ആഭരണങ്ങളുടെ സ്റ്റോക്ക് കാണിക്കുന്നുണ്ടെങ്കിലും പരിശോധനയിൽ വെറും 40 കിലോഗ്രാം മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. ഇല്ലാത്ത സ്റ്റോക്ക് കാണിച്ചാണ് വലിയ തോതിൽ വായ്പയെടുത്തതെന്നും പത്രക്കുറിപ്പിൽ പറഞ്ഞു. ബാങ്ക് വായ്പ എങ്ങനെ വിനിയോഗിച്ചെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ പ്രൊമോട്ടർമാർ പരാജയപ്പെട്ടതായും ഇഡി പറഞ്ഞു. 2003-2014 വായ്പ വിതരണ കാലയളവിലെ അക്കൗണ്ട് ബുക്കുകൾ, ലെഡ്ജറുകൾ, സ്റ്റോക്ക് രജിസ്റ്ററുകൾ, ഇൻവോയ്‌സുകൾ തുടങ്ങിയ രേഖകളൊന്നും കമ്പനി സൂക്ഷിച്ചിട്ടില്ലെന്നും ഇഡി പറഞ്ഞു.