ലക്നൗ: ഉത്തർപ്രദേശിൽ സന്ദർശനം നടത്തുന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം രജനികാന്തിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് സന്ദർശനത്തിനിടെയാണ് രജനികാന്ത് അഖിലേഷ് യാദവിനെ സന്ദർശിക്കാനെത്തിയത്. തുടർന്ന് രജനികാന്ത് അയോധ്യയിലെത്തി. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച താരം അദ്ദേഹത്തിനൊപ്പം 'ജയിലർ' സിനിമ കണ്ടിരുന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ടുവണങ്ങുന്ന ചിത്രമുണ്ടാക്കിയ വിവാദങ്ങൾക്കിടയിൽ സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിനെ സന്ദർശിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ഉത്തർപ്രദേശിലെ സന്ദർശനത്തിനിടെയാണ് അഖിലേഷിനെ സൂപ്പർതാരം സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

ഒമ്പത് വർഷങ്ങൾക്കുശേഷമാണ് രജനികാന്തും അഖിലേഷ് യാദവും കണ്ടുമുട്ടുന്നത്. അഖിലേഷിന്റെ ലഖ്‌നൗവിലെ വസതിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. രണ്ട് ചിത്രങ്ങളാണ് രജനിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തത്. ഇതിലൊരെണ്ണം ഇരുവരും ആലിം?ഗനം ചെയ്യുന്നതാണ്. ഹൃദയങ്ങൾ കണ്ടുമുട്ടുമ്പോൾ മനുഷ്യർ ആലിം?ഗനം ചെയ്യുന്നു എന്നാണ് ചിത്രങ്ങൾക്കൊപ്പം അഖിലേഷ് കുറിച്ചത്. മൈസൂരുവിലെ എൻജിനീയറിങ് പഠനകാലത്ത് രജനികാന്തിനെ സ്‌ക്രീനിൽ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം ഇപ്പോഴും മറക്കാനാകില്ലെന്നും അഖിലേഷ് കുറിച്ചു.

''ഒൻപതു വർഷം മുൻപാണ് അഖിലേഷിനെ മുംബൈയിൽ വച്ച് ആദ്യമായി കാണുന്നത്. അന്നു മുതൽ സൗഹൃദമുണ്ട്. ഫോണിലൂടെ സൗഹൃദം പുതുക്കാറുണ്ട്. അഞ്ചു വർഷം മുൻപ് ഇവിടെ ഒരു ഷൂട്ടിങ്ങിനു വന്നിരുന്നെങ്കിലും, അന്ന് അദ്ദേഹത്തെ കാണാനായില്ല. അതുകൊണ്ട് ഇത്തവണ ഉത്തർപ്രദേശിൽ എത്തിയപ്പോൾ കാണാമെന്നു കരുതി' രജനികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനെ സന്ദർശിക്കവേ രജനികാന്ത് കാൽതൊട്ടു വണങ്ങിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. പുതിയ ചിത്രമായ ജയിലർ തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴാണ് വിജയാഘോഷങ്ങളിൽ നിന്നെല്ലാമൊഴിഞ്ഞ് രജനികാന്ത് ഇന്ത്യാ പര്യടനം നടത്തുന്നത്. ശനിയാഴ്ച ലഖ്‌നൗവിൽ ജയിലറിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിരുന്നു. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ചിത്രം കാണാനെത്തിയിരുന്നു. രജനികാന്തിന്റെ അസാധാരണമായ പ്രകടനം താൻ ആസ്വദിച്ചെന്ന് മൗര്യ പറഞ്ഞു.